Monday, 28 October 2013

ഐ റ്റി പ്രോജക്ട്

കേരളത്തില്‍ കുട്ടികളുടെ അക്രമവാസന....ഒരു പഠനം
പുതിയ ഒരു ഐ റ്റി പ്രോജക്ടുമായി വിധു എസ് 10 B

Thursday, 6 June 2013

കഴിഞ്ഞ വര്‍ഷത്തിലുടെ ഒരെത്തി നോട്ടം


    120വര്‍ഷമായി അക്ഷരനഗരിയില്‍ വിജ്ഞാനത്തിന്റെ പ്രഭ ചൊരിയുന്ന സരസ്വതി ക്ഷേത്രമാണ് എം.ഡി സെമിനാരി ഹയര്‍ സെക്കന്ററി സ്കൂള്‍. 1893-ല്‍ പുണ്യശ്ലോകനായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ നാമത്തില്‍ അഭിവന്ദ്യ ദീവന്നാസ്യോസ് രണ്ടാമന്‍ തിരുമേനിയാണ് 'മാര്‍ ദീവന്നാസ്യോസ് സെമിനാരി സ്കൂള്‍' സ്ഥാപിച്ചത്.
 ദരിദ്രരും ഇടത്തരക്കാരുമായ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച
വിദ്യാലയം ഇന്നും അതിന്റെ സ്ഥാപിതലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ചിട്ടില്ല എന്നത്    എടുത്തുപറയേണ്ടതാണ്. പാഠ്യ- പാഠ്യേതര രംഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന
സ്കൂള്‍ , സാമൂഹ്യസേവന – ജീവകാരുണ്യരംഗങ്ങളിലും ഏറെ ശ്രദ്ധ പതിപ്പിക്കുന്നു.         മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ്& എം.ഡി സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെകീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.



എം.ഡി സെമിനാരി ഹയര്‍ സെക്കന്ററി സ്കൂള്‍ നടപ്പിലാക്കിയ 'നല്ല പാഠങ്ങള്‍ ഒറ്റനോട്ടത്തില്‍
ജൂണ്‍
    1.a. പ്രവേശനോത്സവം(സ്കൂള്‍ /നഗരസഭ)
          b. മാലിന്യ വിമുക്തനഗരം പദ്ധതി ഉദ്ഘാടനം
    2.സോഷ്യല്‍ സര്‍വ്വീസ് ലീഗിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.                         (യൂണിഫോം,പഠനോപകരണവിതരണത്തോടെ)
     3.പരിസ്ഥിതി ദിനാഘോഷം
    4.മഴജന്യരോഗങ്ങള്‍ക്കെതിരെ ബോധവത്കരണം
    5.വൃക്ഷത്തൈ വിതരണോദ്ഘാടനം-ഐ.ജി ശ്രീമതി ബി.സന്ധ്യ
    6.ബോധവത്കരണ ക്ലാസ്(HSS കുട്ടികള്‍ക്ക്)-ഐ.ജി ശ്രീമതി ബി. സന്ധ്യ
    7.കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്(HSS കുട്ടികള്‍ക്ക്)-ആര്‍.ആര്‍ ഇന്റര്‍നാഷണല്‍
    8.ബാലവേലയ്ക്കെതിരേ ബോധവത്കരണം
    9.വായനാദിനാഘോഷം
10.പുസ്തകപ്രദര്‍ശനം
11. സ്കൂള്‍മാഗസിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
    12അനുമോദനം
    13.ലഹരി വിരുദ്ധ പ്രതിജ്ഞ

ജൂലൈ
    14.ലഹരി വിരുദ്ധ പ്രദര്‍ശനം
          15. രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവത്കരണക്ലാസ്സ്
          16.സ്ഥാപക ദിനാഘോഷം
          17.എട്ടാമത് ഭവനത്തിന്റെ ഫണ്ട് ശേഖരണോദ്ഘാടനം
          18.എന്‍ഡോവ്മെന്റ് (51എണ്ണം) വിതരണം
          19.വിവിധ സഹായ പദ്ധതികളുടെ തുടക്കം
           20.വിവിധ ക്ലബുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
           21.സ്നേഹഭോജ്യം
           22.യൂണിഫോം, പഠനോപകരണങ്ങള്‍- വിതരണം പൂര്‍ത്തിയായി
 23.ഹരിത മനോഹര ക്യാമ്പസ് പദ്ധതി.
 24.നീന്തല്‍ പഠിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണം
 25.സംസ്കൃത ദിനാഘോഷം
 26.സ്നേഹസ്പര്‍ശം (വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ ഇവയുടെ ശേഖരണം                  പദ്ധതിയുടെ ഒന്നാംഘട്ടമായി നടന്നു.)
ആഗസ്റ്റ്
    27.സാന്ത്വനം
28.സ്നേഹസൗധം(ശില കൈമാറല്‍)
29.വസ്ത്രവിതരണം (സ്നേഹസ്പര്‍ശത്തിന്റെ ഭാഗമായത്)
30.സ്നേഹക്കുടുക്ക
31.പച്ചക്കറി വിത്ത് വിതരണം
    32.മെഡിക്കല്‍ ക്യാമ്പ് (ഹാര്‍ട്ട് സ്ക്രീനിംഗ് ടെസ്റ്റ് )
33.പരിസ്ഥിതി സെമിനാര്‍, ഫോട്ടോ പ്രദര്‍ശനം
34.ഹിരോഷിമ- നാഗസാക്കി ദിനാചരണവും യുദ്ധവിരുദ്ധറാലിയും
35.കാരുണ്യഹസ്തം-1(40000/-രൂപ)
36.കാരുണ്യഹസ്തം-2(10000/- രൂപ)
37.കാരുണ്യംനിറഞ്ഞ ഓണാഘോഷം
38.ഓണക്കിറ്റ് വിതരണം (സാന്ത്വനം)
39.ഉച്ചക്കഞ്ഞി കുടിക്കുന്ന കുട്ടികള്‍ക്ക് ഓണസദ്യ (സസ്നേഹം)
40.സ്നേഹസ്പര്‍ശം-1(ഇമ്മാനുവേല്‍ ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശനം/സഹായം നല്‍കി)


സെപ്റ്റംബര്‍
41.കാരുണ്യഹസ്തം-3 (5000/- രൂപ)
42.അധ്യാപകദിനം- കുട്ടികള്‍ എഴുതിയ കത്തുകള്‍
43.പി.കെ വര്‍ക്കിസാറിനെ വീട്ടില്‍ എത്തി ആദരിച്ചു
44.കാരുണ്യഹസ്തം-4 (5000/- രൂപ)
45.കാരുണ്യഹസ്തം-5(15000/- രൂപ)
46.സിനിമാപ്രദര്‍ശനം- ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍
47.മൂല്യാധിഷ്ഠിത പഠനപദ്ധതി
48.സ്നേഹസ്പര്‍ശം-2 (നല്ല പാഠത്തിന്റെ സന്ദേശവുമായി മൈസൂറിലെ മേഴ്സി സ്കൂളില്‍)

ഒക്ടോബര്‍
49.ഭവനനിര്‍മ്മാണം ആരംഭിച്ചു.
50.കൗണ്‍സിലിങ്ങ് ക്ലാസ്സുകള്‍
51.ജില്ലാ ആശുപത്രി ശുചീകരണം
52.ജില്ലാ ആശുപത്രിയില്‍ 20 സ്റ്റൂളുകള്‍ നല്‍കി.
53.നിര്‍ധനരായ കുട്ടികള്‍ക്കും അമ്മമാര്‍ക്കും വേണ്ടി വിനോദയാത്ര സംഘടിപ്പിച്ചു.
54.കാരുണ്യഹസ്തം -6(10000/- രൂപ)

നവംബര്‍
55.ശാന്തിഭവനില്‍ സ്നേഹം പകര്‍ന്ന് എല്ലാ ശനിയാഴ്ചയും
56.സ്നേഹസ്പര്‍ശം-3 (ശാന്തിഭവനത്തില്‍ വസ്ത്രവിതരണം)
57.പച്ചക്കറിത്തോട്ടം
58.കാരുണ്യഹസ്തം-7 (5000/- രൂപ)
59.നേത്രരോഗനിര്‍ണ്ണയ ക്യാമ്പ്
60.വഴികാട്ടി- രണ്ടാം ഘട്ട സംസ്ഥാനതല ഉദ്ഘാടനം
61.ചിത്രപ്രദര്‍ശനവും സേവ് എനര്‍ജി ബോധവത്കരണവും
62.സ്റ്റുഡന്റസ് പോലീസ് കേഡറ്റ് ഉദ്ഘാടനവും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും

ഡിസംബര്‍
63.സ്നേഹക്കുടുക്കകള്‍ തുറന്നു. (എഴുപത്താറായിരം (76000/-) രൂപ)                   കൂടാതെ സോഷ്യല്‍ സര്‍വ്വീസ് ലീഗ് ഫണ്ട് (കുട്ടികളില്‍ നിന്നും146750/- രൂപാ ലഭിച്ചു)
64.രക്ഷിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലന ബോധവത്കരണ പരിപാടി
65.ശാന്തിഭവനത്തില്‍ ഭക്ഷണപ്പൊതി വിതരണം
66.സ്നേഹസ്പര്‍ശം-4(തിരുവഞ്ചൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ച് കലാപരിപാടികള്‍ അവതരിപ്പിച്ചു.)
67.പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ 10000/- രൂപ നല്‍കി.
68.സ്നേഹസൗധം (എട്ടാമത് ഭവനത്തിന്റെ താക്കോല്‍ വിതരണം)
69.കലാക്ഷേത്രം-നിര്‍മ്മാണോദ്ഘാടനം
70.ക്രിസ്തുമസ് കിറ്റ് വിതരണം
71.ഭവനത്തിന്റെ അറ്റകുറ്റപ്പണി
72.സ്നേഹസ്പര്‍ശം-5 (കദളിമറ്റം പ്രൊവിഡന്‍സ് ഹോം സന്ദര്‍ശനം)
73.കൈയെഴുത്തു മാസികയുടെ പ്രകാശനം
74.ക്യാമ്പസ് വൃത്തിയാക്കല്‍ (എസ്.പി.സി)
75.കാരുണ്യഹസ്തം-8 (5000/- രൂപ)
76.സ്നേഹസ്പര്‍ശം-6 (നാലുകോടി പുതുജീവന്‍ സന്ദര്‍ശനം)
77.ഡിജിറ്റല്‍ മാഗസിന്‍
78.കാരുണ്യഹസ്തം-9(27000/- രൂപാ)
          
                      
          പ്രവേശനോത്സവം, മാലിന്യവിമുക്തനഗരം പദ്ധതി

              നഗരസഭയുടേയും സ്കൂളിന്റെയും സംയുക്ത പ്രവേശനോത്സവം സ്കൂളില്‍ വച്ച് നടത്തി. മാലിന്യമുക്ത നഗരം പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങില്‍വച്ച്
ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (ബഹു. ആഭ്യന്തരവകുപ്പ് മന്ത്രി) നിര്‍വ്വഹിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ബഹുമാനപ്പെട്ട ജില്ലാ കളക്ടര്‍ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു. നഗരസഭാ ചെയര്‍മാന്‍ ശ്രീ.സണ്ണി കല്ലൂര്‍ മുഖ്യാതിഥി ആയിരുന്നു. കൗണ്‍സിലര്‍ അനീഷ തങ്കപ്പന്‍ അരിവിതരണോത്ഘാടനം നിര്‍വ്വഹിച്ചു. സ്കൂളിലെ അധ്യാപകരുടേയും കുട്ടികളുടേയും സജീവ പങ്കാളിത്തം കൊണ്ട് ചടങ്ങുകള്‍ ഏറ്റവും ഭംഗിയായി നടന്നു.
    ഉച്ചക്ക് ശേഷം നടന്ന സ്റ്റാഫ് മീറ്റിങ്ങില്‍ വച്ച് 'നല്ല പാഠം' കോ-ഓര്‍ഡിനേറ്ററുമാരായി ജേക്കബ് ചെറിയാന്‍, ജോണ്‍ മാത്യു എന്നിവരെ തെരഞ്ഞെടുത്തു.

 05-06-2012
1. സോഷ്യല്‍ സര്‍വ്വീസ് ലീഗിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം ആരംഭിച്ചു.
സ്കൂളിന്റെ നേതൃത്വത്തിലുള്ള സാമൂഹിക സേവന- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് പ്രധാനമായി സോഷ്യല്‍ സര്‍വ്വീസ് ലീഗിലൂടെയാണ്. കുട്ടികള്‍ നല്‍കുന്ന തുകയും അധ്യാപകരും അനധ്യാപകരും നല്‍കുന്ന തുകയും ചേര്‍ത്ത് സോഷ്യല്‍ സര്‍വ്വീസ് ഫണ്ട് എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ശേഖരിക്കുന്നു. സ്കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് യൂണിഫോമും, പഠനോപകരണങ്ങളും വിതരണം ചെയ്ത് ഈ വര്‍ഷത്തെ സോഷ്യല്‍ സര്‍വ്വീസ് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 2011-2012 വര്‍ഷത്തെപ്പോലെ തന്നെ അരലക്ഷത്തില്‍ അധികം രൂപാ യൂണിഫോം ഇനത്തില്‍ മാത്രം ഈ വര്‍ഷവും വിനിയോഗിക്കണമെന്നാണ് തീരുമാനം.ദരിദ്രരായ സഹജീവികളെ സഹായിക്കുവാനുള്ള കുട്ടികളുടെ മനസ്സാണ് ഈ പദ്ധതിയുടെ ജീവന്‍.
                     2.പരിസ്ഥിതിദിന സന്ദേശം
        കുമാരി പ്രീന ബെന്നി പരിസ്ഥിതി ദിന സന്ദേശം നല്‍കി. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും, ഹരിതാഭമാക്കാനും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. മുന്‍വര്‍ഷങ്ങളിലെപ്പോലെ സ്കൂളിലും പരിസരങ്ങളിലും വെയ്സ്റ്റ് ബിന്നുകള്‍ വച്ചു. കുട്ടികള്‍ക്ക് വിതരണം ചെയ്യുവാനുള്ള വൃക്ഷത്തൈകള്‍ സ്കൂള്‍ എത്തിച്ചു.
പരിസരശുചീകരണത്തിന്‍റെ പ്രാധാന്യം കുട്ടികള്‍ ഇതിലൂടെ തിരിച്ചറിയുന്നു.

06-06-2012
    മഴജന്യരോഗങ്ങള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണം ഹയര്‍സെക്കണ്ടറി അദ്ധ്യാപിക ശ്രീമതി ബിന്ദു സൂസന്‍ വര്‍ഗീസ് നടത്തി.കുട്ടികളിലൂടെ സമൂഹത്തിലെത്തുന്ന സന്ദേശം രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ജനങ്ങളെ സഹായിക്കും.
07-06-2012
1.വൃക്ഷത്തൈ വിതരണോത്ഘാടനം
         സ്കൂളിലെ കുട്ടികള്‍ക്കായുള്ള വൃക്ഷത്തൈ വിതരണോത്ഘാടനം ഐ.ജി ശ്രീമതി ബി.സന്ധ്യ നിര്‍വ്വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിനു ഏറെ സഹായിക്കുന്ന ഒരു പ്രവര്‍ത്തനമാണിത്.
2.ബോധവല്‍കരണ ക്ലാസ്
            ഹയര്‍സെക്കന്ററി കുട്ടികള്‍ക്കായി ഐ.ജി ശ്രീമതി ബി.സന്ധ്യ  ബോധവല്‍കരണ ക്ലാസ് നടത്തി.ഇത് കുട്ടികളില്‍ പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍ വലിയ ആത്മവിശ്വാസം സൃഷ്ടിച്ചു.

08-06-2012
                     കരിയര്‍ ഗൈഡന്‍സ് ക്ലാസ്
                               ഹയര്‍സെക്കന്ററി സീനിയര്‍ വിഭാഗം കുട്ടികള്‍ക്കായി ആര്‍.ആര്‍ കരിയര്‍ ഇന്റര്‍നാഷണല്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് എടുത്തു.

12-06-2012
                   ബാലവേലക്ക് എതിരെ ബോധവല്‍കരണം, പ്രതിജ്ഞ ചൊല്ലല്‍ ഇവ നടത്തി.ബാലവേല എവിടെയെങ്കിലും കണ്ടാല്‍ അതു സ്ക്കൂളിലറിയിക്കുവാന്‍ കുട്ടികളെ ചുമതലപ്പെടുത്തി. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ഒരു വിഭാഗത്തിന് വലിയൊരു പ്രയോജനമാണ് ഇതു മൂലം ലഭിക്കുന്നത്.

19-06-2012   വായനാദിനം
    വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് 10-A-ലെ കുമാരി ആതിര വിജയന്‍
സംസാരിച്ചു.  സ്കൂളില്‍നിന്നും  എല്ലാവര്‍ഷവും പ്രസിദ്ധീകരിക്കുന്ന മാഗസിന്റെ ഈ വര്‍ഷത്തെ  പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ തുടക്കം കുറിച്ചു. ശ്രീ. ബി. രാമചന്ദ്രന്‍ ഈ വര്‍ഷത്തെ മാഗസിന്റെ സ്റ്റാഫ് എഡിറ്ററായി പ്രവര്‍ത്തിക്കും. H&C യുമായി സഹകരിച്ച് രണ്ട് ദിവസത്തെ പുസ്തകപ്രദര്‍ശനവും വില്‍പ്പനയും നടന്നു.

20-06-2012
അനുമോദനം
                കഴിഞ്ഞ വര്‍ഷം +2 പരീക്ഷയില്‍ 1200\1200 മാര്‍ക്കും വാങ്ങിയ
സാവിയോ റ്റോം, ദീപക് ജി അനില്‍ എന്നീ കുട്ടികളെ അനുമോദിച്ചു. കോട്ടയം പോലീസ് ചീഫ്              ശ്രീ സി. രാജഗോപാല്‍ IPS മുഖ്യാതിഥിയായിരുന്നു.

26-06-2012
ലഹരിക്കെതിരേ
                   ലഹരിവിരുദ്ധ സന്ദേശം നല്‍കി. ലഹരിയുടെ ഉപയോഗം ആളുകളില്‍ സൃഷ്ടിക്കുന്ന ഗുരുതമായ പ്രശ്നങ്ങളെക്കുറിച്ച് കുട്ടികള്‍ ബോധവാന്‍മാരായി. ഇതിനെതിരെ സമൂഹത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അവര്‍ തയ്യാറാകും.

ജൂലൈ
07-07-2012 
1                ലഹരി വിരുദ്ധ പ്രദര്‍ശനം
   
               സ്കൂളിലെ എന്‍ സി സി സീനിയര്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ പ്രദര്‍ശനം നടത്തി. കുട്ടികള്‍ തന്നെ നടത്തിയ പ്രദര്‍ശനം വളരെ മികച്ച നിലവാരം പുലര്‍ത്തി. കുട്ടികളെ കൂടാതെ അഞ്ഞൂറിലധികം രക്ഷിതാക്കളും പ്രദര്‍ശനം കണ്ടു.  പട്ടാളക്കാര്‍ ഉപയോഗിക്കുന്ന ചില തോക്കുകളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.

2         പിറ്റിഎ പൊതുയോഗവും രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ                           ക്ലാസും
   
                     പിറ്റിഎ യുടെ പൊതുയോഗത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി പ്രശസ്ത ട്രെയ്നര്‍ ശ്രീ ഷാജി ചൂരപ്പുഴയില്‍  മാണി ക്ലാസെടുത്തു.
    ഇക്കാലത്തെ കുട്ടികളുടെ സ്വഭാവം, അവരുടെ ജീവിതത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, രക്ഷാകര്‍ത്താക്കളുടെ സംശയങ്ങള്‍ക്കുള്ള മറുപടി ഇവയെല്ലാം ചേര്‍ന്നതായിരുന്നു ക്ലാസ്. 500 ല്‍ അധികം രക്ഷിതാക്കള്‍ പങ്കെടുത്തു.



12-07-2012

1    120 ആമത് സ്ഥാപക ദിനാഘോഷം
2    എട്ടാമത്തെ ഭവനത്തിന്റെ ഫണ്ട് ശേഖരണോദ്ഘാടനം
3    51 എന്‍ഡോവ്മെന്റുകളുടെ വിതരണം
4     വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം
5    വിവിധ സഹായപദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം
   
    120 ആമത് സ്ഥാപക ദിനാഘോഷം നടത്തി. നിര്‍ദ്ധനരായ കുട്ടികള്‍ക്കായി സ്കൂള്‍ നിര്‍മ്മിച്ചു നല്‍കുന്ന  എട്ടാമത്തെ ഭവനത്തിന്റെ ഫണ്ട് ശേഖരണോദ്ഘാടനവും                  51  എന്‍ഡോവ്മെന്റുകളുടെ വിതരണവും ഈ സമ്മേളനത്തില്‍ വച്ച് നടന്നു. സ്കൂളിലെ 24 ഓളം ക്ലബ്ബുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ തുടക്കവും സ്കൂള്‍ നടപ്പിലാക്കുന്ന വിവിധ സഹായ പദ്ധതികളുടെ(സോഷ്യല്‍ സര്‍വ്വീസ് ലീഗിന്റെ നേതൃത്വത്തില്‍) ഔദ്യോഗിക ഉദ്ഘാടനവും ഇതോടനുബന്ധിച്ച്നടന്നു. (യൂണിഫോം,കുട, ബോക്സ്,ചോറ്റുപാത്രംചികിത്സാ                       സഹായം,മാതാപിതാക്കള്‍ക്കുള്ള ചികിത്സാസഹായം എന്നിവ) അഭിവന്ദ്യ ഡോക്ടര്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വ്വഹിച്ചു.     
        
    കോട്ടയം ഡി.ഇ.ഒ ശ്രീ. പി.എസ് മാത്യു ഫാദര്‍ സി. ജോണ്‍ ചിറത്തിലാട്ട് (വൈസ് പ്രസിഡന്റ് മാര്‍ ഗ്രീഗോറിയോസ് കാരുണ്യനിലയം, കോട്ടയം) ശ്രീ. എ.കെ ദാമോദരന്‍ (ഈസ്റ്റ്, എ.ഇ.ഒ) കൗണ്‍സിലര്‍, കുമാരി അനീഷ തങ്കപ്പന്‍, ശ്രീ. അനില്‍ കൊച്ചിടക്കാട്ട്, പി.റ്റി.എ പ്രസിഡന്റ് ശ്രീ.സാം വര്‍ഗ്ഗീസ് എന്നിവര്‍ സംബന്ധിച്ചു.

 24-07-2012
       1.   സ്നേഹഭോജ്യം പദ്ധതി
                           സ്കൂളിലെ സ്നേഹഭോജ്യം പദ്ധതിയുടെ  ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാദര്‍ തോമസ് വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. ഉച്ചക്കഞ്ഞി കുടിക്കുന്ന കുട്ടികള്‍ക്ക് ഓരോ ഡിവിഷനിലേയും കുട്ടികള്‍ ആഴ്ചയിലൊരിക്കല്‍ വിവിധ കറികള്‍ കൂട്ടി ഉച്ചഭക്ഷണം നല്‍കുന്നതാണ് ഈ പദ്ധതി. ഓരോ ദിവസവും സദ്യ നല്‍കുന്ന ഡിവിഷനിലെ കുട്ടികളും അധ്യാപകരും ഉച്ചക്കഞ്ഞികുടിക്കുന്ന കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുന്നു. ഇതിനുള്ള പണം കണ്ടെത്തുന്നതും ഭക്ഷണം ഉണ്ടാക്കാന്‍ സഹായിക്കുന്നതും അതാതു ഡിവിഷനിലെ കുട്ടികളാണ്.

2.യുണിഫോം,പഠനോപകരണ വിതരണം പൂര്‍ത്തിയായി

                         നിര്‍ധനരായ കുട്ടികള്‍ക്ക് നല്‍കുന്ന യൂണിഫോമിന്റെയും പഠനോപകരണങ്ങളുടെയും സൗജന്യ വിതരണം ഏകദേശം പൂര്‍ത്തിയായി.
63000/- (അറുപത്തിമൂവായിരം)ത്തോളം രൂപായുടെ യൂണിഫോമും 6000/-
(ആറായിരം)ത്തോളം രൂപയുടെ നോട്ട്ബുക്കുകളും ഇതുവരെ വിതരണം ചെയ്തു. ഈ തുക മുഴുവന്‍ സ്കൂളിലെ കുട്ടികള്‍ തന്നെ തന്നതാണ് എന്നത് എടുത്തു പറയേണ്ടതാണ്. ഇതുകൂടാതെ ഏതാനും കുട്ടികള്‍ക്ക് ബോക്സും പാത്രങ്ങളും വാങ്ങികൊടുത്തു. ഫ്ളോറിഡയിലെ റ്റാമ്പ പ്രയര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ 55 കുട്ടികള്‍ക്ക് കുടയും വിതരണം ചെയ്തു. ചികിത്സാസഹായം തുടങ്ങിയവയും നല്‍കിവരുന്നു.സഹജീവി സ്നേഹത്തിന്റെ ഉത്തമമാതൃക സമൂഹത്തിന്റെ മുന്നില്‍ ഈ പദ്ധതിയിലൂടെ കുട്ടികള്‍ സൃഷ്ടിക്കുന്നു.






25-07-2012      
 
             1.  ഹരിത മനോഹര ക്യാംപസ്

                                    സ്കൂളിനെ കൂടുതല്‍ ഹരിതാഭവും മനോഹരവും ആക്കുന്നതിന്റെ ഭാഗമായി ഹരിത മനോഹര ക്യാംപസ് പദ്ധതിക്കും തുടക്കമായി. കുട്ടികളും അധ്യാപകരും ചേര്‍ന്ന് കൂടുതല്‍ പൂച്ചട്ടികളില്‍ ചെടികള്‍ വച്ചു പിടിപ്പിച്ചു. പച്ചപ്പിന്റെ സന്ദേശം കുട്ടികളിലും സമൂഹത്തിലും എത്തിക്കാന്‍ ഇതുമൂലം സാധിക്കുന്നു.
            

                      2. നീന്തല്‍ പഠിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം

    കഴിഞ്ഞ അവധിക്കാലത്ത് സ്കൂളിലെ സ്വിമ്മിംഗ് പൂളില്‍(സര്‍ക്കാര്‍ സഹകരണത്തോടെ കേരളത്തിലെ സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പട്ട സ്കൂള്‍ എം.ഡിയായിരുന്നു) പരിശീലനം നേടിയ 500 ഓളം കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ശ്രീ സണ്ണി കലൂര്‍(മുനിസിപ്പല്‍ ചെയര്‍മാന്‍) ഉദ്ഘാടനം നിര്‍വ്വഹിച്ചു.

30-7-2012
            1.സംസ്കൃത ദിനാഘോഷം
   
        സംസ്കൃതദിനം സമുചിതമായി ആഘോഷിച്ചു. സംസ്കൃതദിന സന്ദേശം വിളിച്ചോതി നഗരത്തില്‍ കുട്ടികള്‍ റാലി നടത്തി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമ്മേളനവും തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. സംസ്കൃതദിന സന്ദേശം സമൂഹത്തിലെത്തിക്കുവാന്‍ സാധിച്ചു.

    
                     2. സ്നേഹസ്പര്‍ശം
    (വസ്ത്രശേഖരണവും നിത്യോപയോഗസാധനങ്ങളുടെ ശേഖരണവും)       

             കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉപയോഗയോഗ്യമായ വസ്ത്രങ്ങളും, പുതിയ വസ്ത്രങ്ങളും, സോപ്പ്, പേസ്റ്റ് തുടങ്ങിയ വസ്തുക്കളുടെയും ശേഖരണം ജൂലൈ മാസത്തില്‍ നടത്തി. അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കൊടുക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഈ ശേഖരണ പരിപാടി കുട്ടികള്‍ മുന്നോട്ട് വച്ചത്. ഏകദേശം രണ്ടാഴ്ച്ച കൊണ്ട് നടന്ന ഈ പരിപാടിയില്‍ കൂടി നൂറ് കണക്കിന് പുതിയതും പഴയതുമായ വസ്ത്രങ്ങളാണ് ശേഖരിച്ചത്. നിത്യോപയോഗസാധനങ്ങളും ധാരാളമായി ലഭിച്ചു. ഈ പദ്ധതി സമൂഹത്തിനേറെ പ്രയോജനം ചെയ്യും.
                                      
                                                        ആഗസ്റ്റ്                                                   
01-08-2012

       മലയാള മനോരമ സംഘടിപ്പിച്ച നല്ലപാഠം ശില്‍പ്പശാലയില്‍ കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് ചെറിയാന്‍ പങ്കെടുത്തു. ശില്പശാലയിലെ ശ്രദ്ധേയമായ ആശയങ്ങളിലൊന്നായി സ്നേഹക്കുടുക്കയും ഭവനനിര്‍മ്മാണ പദ്ധതിയും തെരഞ്ഞെടുത്തു.







03-08-2012

1.സാന്ത്വനം
2.എട്ടാമത്തെ ഭവനത്തിന്റെ ശിലകൈമാറല്‍
3.സ്നേഹസ്പര്‍ശം (ഒന്നാംഘട്ടമായി വസ്ത്രവിതരണം- ഉദ്ഘാടനം)
4.പച്ചക്കറിവിത്ത് വിതരണം
5.സ്നേഹക്കുടുക്കകളുടെ വിതരണം
            ഭവനനിര്‍മ്മാണ പദ്ധതിക്ക് തുടക്കമിട്ട എം.ഡി. സ്കൂള്‍ മറ്റൊരു നിശബ്ദ വിപ്ലവത്തിന് തുടക്കമിട്ടു. 'സാന്ത്വനം'. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍, മാനസിക-ശാരീരിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവര്‍- ഇത്തരം അവസ്ഥയില്‍ കഴിയുന്ന കുട്ടികളെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
            പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് സാമ്പത്തിക-വിദ്യാഭ്യസ സഹായം, പഠനോപകരണങ്ങള്‍, കൗണ്‍സിലിങ്ങ് ക്ലാസുകള്‍, വിനോദയാത്രകിറ്റുകള്‍, സമ്മാനങ്ങള്‍, തുടങ്ങിയവ നല്‍കും. ഈ പദ്ധതിയില്‍പ്പെട്ട കുട്ടികളുടെ ഭവനങ്ങള്‍ ആവശ്യസന്ദര്‍ഭങ്ങളില്‍ അധ്യാപകര്‍ സന്ദര്‍ശിക്കും. സാന്ത്വനത്തിന്റെ നടത്തിപ്പിനായി അധ്യാപകരുടെ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. 9 കുട്ടികള്‍ക്ക് ഒരു അധ്യാപികയെ സംരക്ഷകയായി നിയമിച്ചു. 60 കുട്ടികള്‍ ഈ പദ്ധതിയില്‍ അംഗങ്ങളാണ്. കുട്ടികളും അധ്യാപകരും സ്കൂളിലെ അനധ്യാപകരും ഈ പദ്ധതിയുടെ സാമ്പത്തികസഹായം ഏറ്റെടുത്തുകഴിഞ്ഞു. സ്കൂളിനെ സ്നേഹിക്കുന്ന രക്ഷകര്‍ത്താക്കള്‍ ഉള്‍പ്പടെയുള്ളവരുടെ പങ്കാളിത്തവും സഹകരണവും ഇതിന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം കാതോലിക്കേറ്റ് &എം.ഡി. സ്കൂള്‍സ് മാനേജര്‍
അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു.


                    സ്നേഹസൗധം

     3 വര്‍ഷംകൊണ്ട് 7 ഭവനങ്ങള്‍ നിര്‍മ്മിച്ച എം.‍ഡി. സ്കൂള്‍ ഭവന നിര്‍മ്മാണ പദ്ധതിയിലെ എട്ടാമത് ഭവനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എട്ടാമത്തെ ഭവനത്തിന്റെ ശിലകൈമാറല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാ വി നായര്‍ നിര്‍വ്വഹിച്ചു. ഭവന നിര്‍മ്മാണത്തിനായി പണം സ്വരൂപിക്കാന്‍ കുട്ടികള്‍ നിര്‍ദേശിച്ച സ്നേഹക്കുടുക്കകളുടെ  വിതരണം ജോണ്‍ മാത്യു നിര്‍വ്വഹിച്ചു. മിഠായി വാങ്ങാനും മറ്റും കുട്ടികള്‍ക്ക് ലഭിക്കുന്ന പൈസ  കുടുക്കകളില്‍ നിക്ഷേപിക്കുന്നതാണ് ഈ പദ്ധതി. കേരളമാകെ ശ്രദ്ധനേടിയ ഈ സ്നേഹക്കുടുക്ക നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
                           ഈ വര്‍ഷം തുടക്കമിടുന്ന സ്നേഹസ്പര്‍ശം പദ്ധതിയുടെ ഒന്നാം ഘട്ടമായ വസ്ത്രവിതരണത്തിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ സണ്ണി കല്ലൂര്‍, ഇമ്മാനുവേല്‍ ചില്‍ഡ്രന്‍സ് ഹോം കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.ഷാജി സി ജോര്‍ജിന് വസ്ത്രങ്ങള്‍ നല്‍കി നിര്‍വ്വഹിച്ചു.  കുട്ടികള്‍ ശേഖരിച്ച വസ്ത്രങ്ങളും, നിത്യോപയോഗസാധനങ്ങളും അനാഥാലയങ്ങള്‍ ,അഗതിമന്ദിരങ്ങള്‍ എന്നിവടങ്ങളില്‍ നല്‍കുക, ഇത്തരം മന്ദിരങ്ങള്‍  സന്ദര്‍ശിച്ച് അവരുമായി സ്നേഹം പങ്കിടുക, കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കുക തുടങ്ങിയവയാണ് സ്നേഹസ്പര്‍ശം കൊണ്ട് ഉദ്ദേശിക്കുന്നത്.
                                     പച്ചക്കറി വിത്ത് വിതരണം
                       കുട്ടികളുടെ ഇടയില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക,ജൈവകൃഷിയുടെ പ്രാധാന്യം മനസ്സിലാക്കിക്കുക തുടങ്ങിയവ ലക്ഷ്യമാക്കി പച്ചക്കറി തോട്ടം പദ്ധതി ആരംഭിച്ചു. ഇതിനുള്ള വിത്തുവിതരണത്തിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ കുമാരി അനീഷാ തങ്കപ്പന്‍ നിര്‍വ്വഹിച്ചു. കൃഷിയോടുള്ള താല്‍പര്യം കുട്ടികളിലും അതിലൂടെ സമൂഹത്തിലും വര്‍ദ്ധിക്കും.





07-08-2012

                     മെഡിക്കല്‍ ക്യാമ്പ്(ഹാര്‍ട്ട് സ്ക്രീനിംഗ് ക്യാമ്പ്)

         ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക്     എം. ഡി സ്കൂളും പരുമല സെന്റ് ഗ്രിഗോറിയോസ് കാര്‍ഡിയോ വാസ്കുലര്‍ സെന്ററും (കെ എം ചെറിയാന്‍ ഫൗണ്ടേഷന്‍)ചേര്‍ന്ന് സഹായഹസ്തം നീട്ടുന്നു.ഇതിന്റെ ഒന്നാം ഘട്ടപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മറ്റി അംഗം          ഫാ. തോമസ് കുന്നുംപുറം നിര്‍വ്വഹിച്ചു. ഡോ. സജി ഫിലിപ്പ്,  ഡോ. വിവേക് ബള്‍ഗം എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ഹാര്‍ട്ട് സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. 

09-08-2012
                            പരിസ്ഥിതി സെമിനാറും ഫോട്ടോ പ്രദര്‍ശനവും
                  എം. ഡി സ്കൂളും ഗ്രീന്‍ കമ്യൂണിറ്റിയും ചേര്‍ന്ന് പരിസ്ഥിതി സെമിനാറും ഫോട്ടോ പ്രദര്‍ശനവും പരിസ്ഥിതി പ്രവര്‍ത്തകസംഗമവും നടത്തി. പരിസ്ഥിതിയുടെ സുവിശേഷം എന്നറിയപ്പെടുന്ന THE SILENT SPRING എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ട് 50 വര്‍ഷം തികയുന്നതിന്റെ ഭാഗമായാണ് ഈ പരിസ്ഥിതി സംരക്ഷണ സന്ദേശ പരിപാടി സംഘടിപ്പിച്ചത്. മലയാള മനോരമ,WWF, കോട്ടയം നേച്ചര്‍ സൊസൈറ്റി എന്നിവര്‍ ഗ്രീന്‍ കമ്യൂണിറ്റിയ്ക്ക് കൈമാറിയിരിക്കുന്ന ഫോട്ടോകളുടെ പ്രദര്‍ശനം കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും പുത്തന്‍  അനുഭവമായിമാറി. ശ്രീ. സന്തോഷ് അറക്കല്‍ പാലക്കാട്, 'ഭക്ഷണം വിഷമായി മാറുമ്പോള്‍ '   എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ ആളുകളെ സഹായിക്കും.കോട്ടയത്തെ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ കൂടിയായി ഈ പ്രദര്‍ശനം.

09-08-2012
                 ഹിരോഷിമ-നാഗസാക്കി ദിനാചരണവും യുദ്ധവിരുദ്ധ റാലിയും

         ഹിരോഷിമ-നാഗസാക്കി  ദിനാചരണം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  നഗരത്തില്‍ യുദ്ധവിരുദ്ധ റാലിയും സ്കൂളില്‍ യുദ്ധവിരുദ്ധ പ്രചാരണവും നടത്തി.യുദ്ധവിരുദ്ധ സന്ദേശം,പ്രതിജ്ഞ എന്നിവയും  നടന്നു. യുദ്ധവിരുദ്ധ വികാരം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കും.

10-08-2012                       
                           കാരുണ്യ ഹസ്തം-1

                സ്കൂളില്‍ തുടര്‍ന്നു വരുന്ന വലിയ പദ്ധതികളില്‍ ഒന്നാണ് കാരുണ്യ ഹസ്തം. മാരകരോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന കുട്ടികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍ ,സഹായം ആവശ്യപ്പെടുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന നിശബ്ദ പദ്ധതിയാണ് കാരുണ്യ ഹസ്തം. ഈ പദ്ധതിയില്‍പ്പെടുത്തി ഈ വര്‍ഷത്തെ ആദ്യ സഹായം ചെറീഷ് ജേക്കബ് എന്ന പൂര്‍വ്വവിദ്യാര്‍ത്ഥിയ്ക്ക് നല്‍കി.  രക്താര്‍ബുദ ബാധിതനായി ചികിത്സ തേടുന്ന ചെറീഷിന് 40000/- (നാല്പ്പതിനായിരം രൂപാ) നല്‍കി. കുട്ടികളും അധ്യാപകരും ചേര്‍ന്ന് നല്‍കുന്നതാണീ തുക.

13-08-2012
                കാരുണ്യഹസ്തം -2
   
            ഓപ്പറേഷന്‍ വിധേയായി മെഡിക്കല്‍കോളേജില്‍ കിടന്ന ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥിനി സൂസനെ(J7) സന്ദര്‍ശിച്ച് 10000/- (പതിനായിരം) രൂപാ കാരുണ്യഹസ്തം പദ്ധതിയില്‍ നിന്നും നല്‍കി.


24-08-2012

1.ഓണത്തിന്റെ സ്നേഹപാഠം (വ്യത്യസ്തമായ ഓണാഘോഷം)
2.സാന്ത്വനം-ഓണക്കിറ്റ്
3.സസ്നേഹം- ഓണസദ്യ
4.ഇമ്മാനുവേല്‍ ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശനം
5.കാരുണ്യ ഹസ്തത്തിലേക്ക് സഹായം
           
                                  ഈ വര്‍ഷം സ്കൂളിലെ ഓണാഘോഷം തികച്ചും വ്യത്യസ്തമായിരുന്നു. ഓരോ ക്ലാസ് മുറിയിലും പൂക്കളമിട്ട് വാശിയോടെ മത്സരിച്ചിരുന്ന കുട്ടികള്‍ ഇക്കുറി മത്സരം നാല് ഹൗസ് അടിസ്ഥാനത്തിലാക്കി പൂക്കളങ്ങളുടെ എണ്ണം കുറച്ചു. ഇങ്ങനെ മിച്ചം പിടിക്കുന്ന തുക തങ്ങളുടെ സഹോദരങ്ങളുടെ ചികിത്സയ്ക്കായി സ്വരൂപിക്കുന്ന കാരുണ്യഹസ്തം പദ്ധതിക്ക് നല്‍കി.
    സാന്ത്വനം പദ്ധതിയില്‍പ്പെട്ട 60 കുട്ടികള്‍ക്കും ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വേറെ 60 കുട്ടികള്‍ക്ക് ചില സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.
            ഉച്ചക്കഞ്ഞി കുടിക്കുന്ന കുട്ടികള്‍ക്ക് എല്ലാം ഓണസദ്യ നല്‍കി. സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും പായസം വിതരണം ചെയ്തു. മാവേലിയെ വരവേല്‍ക്കല്‍, പുലികളി, ചെണ്ടമേളം, ഓണപ്പാട്ടുകള്‍ ഇവ കുട്ടികള്‍ തന്നെ അവതരിച്ചപ്പോള്‍ അത് ഏറെ ഹൃദ്യമായി.
            ഉച്ചയ്ക്ക് ശേഷം കുറെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് പരുത്തുംപാറ ഇമ്മാനുവേല്‍ ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ചു. സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച വസ്ത്രങ്ങളുടേയും  മറ്റു സാധനങ്ങളുടേയും ഒരു ഭാഗം ചില്‍ഡ്രന്‍സ് ഹോമില്‍ നല്‍കി. സ്കൂളിലെ കുട്ടികളും ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളും ചേര്‍ന്ന് ഓണപരിപാടികള്‍ നടത്തി. ഓണപ്പായസം വിതരണം ചെയ്തു. ഓണത്തിന്റെ യഥാര്‍ത്ഥ സന്ദേശം സമൂഹത്തിന്റെ മുന്നിലെത്തിക്കാന്‍ കാരുണ്യം നിറഞ്ഞ ഇത്തരം ഓണാഘോഷം കൊണ്ട് സാധിക്കും.
            സ്കൂള്‍ മാസ്റ്റര്‍ വിദ്യാഭ്യാസസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനും ആഗസ്റ്റ് മാസത്തില്‍ എം.ഡി. സ്കൂള്‍ വേദിയായി.

സെപ്റ്റംബര്‍
04-09-2012
        കാരുണ്യഹസ്തം-3
        കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ ഇരിക്കുന്ന ഹൈസ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ(അന്നമ്മസാബു- XG) പിതാവിന് കാരുണ്യഹസ്തം പദ്ധതിയില്‍പ്പെടുത്തി 5000/- (അയ്യായിരം)രൂപ നല്‍കി.


05-09-2012
1.അധ്യാപകദിനം
2.എല്ലാ കുട്ടികളും അധ്യാപകര്‍ക്കായി എഴുതിയ കാര്‍ഡുകളും കത്തുകളും
3.ഗുരുവന്ദനം- പി.കെ വര്‍ക്കി സാറിന്റെ ഭവനം
4.കാരുണ്യഹസ്തം-4
        അധ്യാപക ദിനത്തില്‍ സ്കൂളിലെ കുട്ടികള്‍ സ്നേഹത്തില്‍ ചാലിച്ച കത്തുകളെഴുതി ഗുരുവന്ദനം നടത്തി. സ്കൂളിലെ എല്ലാ കുട്ടികളും തങ്ങളുടെ കൈപ്പടയില്‍ എഴുതിയ കത്തുകളും നിര്‍മ്മിച്ച കാര്‍ഡുകളും വരച്ച ചിത്രങ്ങളും കണ്ടപ്പോള്‍ അധ്യാപകര്‍ക്ക്


അത് മറക്കാനാവാത്ത ആനന്ദക്കണ്ണീരാണ് സമ്മാനിച്ചത്. ചില കുസൃതികളൊക്കെ
കാണിക്കുന്ന കുട്ടികളില്‍ പോലും ഗുരുസ്നേഹത്തിന്റെ സാഗരമാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് ഈ കത്തുകള്‍ വായിച്ച അധ്യാപകര്‍ ഒന്നടങ്കം പറഞ്ഞു. കുട്ടികള്‍ കാണിച്ച ഈ സ്നേഹത്തിന്റെ നല്ല പാഠം അധ്യാപക ഉപാസനക്കുള്ള അംഗീകാരമായി അവര്‍ എല്ലാക്കാലത്തും മനസ്സില്‍ സൂക്ഷിക്കും. അധ്യാപകര്‍ കുട്ടികള്‍ക്കും കുട്ടികള്‍ അധ്യാപകര്‍ക്കും മധുരം നല്‍കി.
        അധ്യാപക ദിനത്തോടനുബന്ധിച്ച സ്കൂളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് സ്കൂളില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന പി.കെ വര്‍ക്കിസാറിന്റെ വീട് സന്ദര്‍ശിച്ച് അദ്ദേഹത്തെ ആദരിച്ചു. വര്‍ക്കിസാറിന്റെ ശിഷ്യന്മാരായ സ്കൂളിലെ അധ്യാപകരും കുട്ടികളും ചേര്‍ന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ഗുരുവന്ദനം നടത്തി.
        അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്തിയ സമ്മേളനത്തിന് എസ്.എസ്.എസ് യൂണിറ്റിലെ കുട്ടികള്‍ നേതൃത്വം നല്‍കി. ബസേലിയോസ് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് അധ്യാപകദിന സന്ദേശം നല്‍കി. അധ്യാപകരെ കുട്ടികള്‍ ആദരിക്കുകയും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു. അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധം സമൂഹത്തില്‍ ശക്തമാകാന്‍ ഇത്തരം പരിപാടികള്‍ സഹായിക്കുന്നു.
കാരുണ്യ ഹസ്തം-4
 അദ്ധ്യാപക ദിനത്തില്‍ സ്കൂളിലെ കാരുണ്യഹസ്തം പദ്ധതിയില്‍പ്പെടുത്തി, ചികിത്സയിലിരിക്കുന്ന 5A യിലെ കാശി വിനോദിന് 5000/-(അയ്യായിരം) രൂപാ നല്‍കി.

13-09-12
കാരുണ്യ ഹസ്തം-5

    XE-ല്‍ പഠിക്കുന്ന അനന്തു രമേശിന്റെ മാതാവിന് (കരള്‍ മാറ്റിവയ്ക്കല്‍) 15000/-
(പതിനയ്യായിരം)രൂപാ നല്‍കി.

17-09-12
    സിനിമാ പ്രദര്‍ശനം
        ലഹരി വിരുദ്ധം. മൊബൈല്‍ഫോണ്‍ ദുരുപയോഗം- ഇവ പ്രധാന പ്രമേയമായി വരുന്ന 'ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍' എന്ന സിനിമയുടെ 3 പ്രദര്‍ശനങ്ങള്‍ നടത്തി. സ്റ്റുഡന്‍സ് കള്‍ച്ചറല്‍ സൊസൈറ്റിയാണ് പ്രദര്‍ശനം നടത്തിയത്. കുട്ടികളും അധ്യാപകരും സിനിമ കണ്ടു.ലഹരിയ്ക്കെതിരെ പ്രതികരിക്കാന്‍ ഇത്തരം സിനിമകള്‍ സഹായിക്കുന്നു.

19-09-12
               മൂല്യബോധമുള്ള തലമുറയെ സൃഷ്ടിക്കുന്ന പ്രത്യേക പഠനപദ്ധതി
        വര്‍ത്തമാന കാലത്തിലെ കുട്ടികള്‍ നിരവധിയായ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ട് മൂല്യരഹിതമായ ജീവിതത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍, മൂല്യബോധമുള്ള തലമുറയെ സൃഷ്ടിക്കുന്ന പുതിയ പഠനപദ്ധതിക്ക് തുടക്കമായി. വര്‍ത്തമാന ലോകത്തില്‍ കുട്ടികളെ ബാധിക്കുന്ന സാമൂഹിക തിന്മകളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും നന്മ നിറഞ്ഞ ജീവിതത്തിലേക്ക് അവരെ നയിക്കുന്നതിനുമുള്ള പുസ്തകങ്ങള്‍ തയ്യാറാക്കി. ഈ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ആഴ്ചയില്‍ ഒരു പീരിയഡ് അധ്യാപകര്‍ എല്ലാ കുട്ടികള്‍ക്കും ക്ലാസെടുക്കും. ഓരോ കുട്ടിയുടെയും വീടുകളിലും രക്ഷിതാക്കളിലും മൂല്യാധിഷ്ഠിത സന്ദേശം എത്തുന്ന രീതിയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ പഠന പ്രക്രിയക്കിടയില്‍ കണ്ടെത്തുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങ്ങ് നല്‍കും. സാമൂഹ്യ തിന്മകള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന സമൂഹത്തെയും വിദ്യാലയത്തേയും ബാധിക്കാതിരിക്കാന്‍ കുട്ടികളുടെ കൂട്ടായ്മകൊണ്ട് സാധിക്കും എന്നതാണ് വിശ്വാസം.
        ഈ പദ്ധതിയുടെ ഉദ്ഘാടനം പുസ്തകങ്ങള്‍ ക്ലാസ് ലീഡേഴ്സ്ന് നല്‍കി കാതോലിക്കേറ്റ് &എം.ഡി സ്കൂള്‍സ് മാനജര്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു.

21-09-2012

സ്നേഹസ്പര്‍ശം-2(നല്ല പാഠത്തിന്റെ സന്ദേശവുമായി മൈസൂറിലെ മേഴ്സി സ്കൂളില്‍)
        സ്കൂളിലെ പഠന-വിനോദ യാത്രയും ഒരു നല്ലപാഠമായി മാറി. സ്കൂളിലെ കുട്ടികളും അധ്യാപകരും വിനോദയാത്രയിക്കിടയില്‍ അന്യസംസ്ഥാനത്ത് സ്നേഹസ്പര്‍ശമായി മാറി. മൈസൂറിലെ മേഴ്സി റസിഡന്‍ഷ്യല്‍ സ്കൂള്‍ സന്ദര്‍ശിച്ച് അവിടെ താമസിച്ച് പഠിക്കുന്ന പ്രത്യേക പരിഗണന അര്‍ഹക്കുന്ന ( കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത) കുട്ടികളെ കാണുകയും അവര്‍ക്കുവേണ്ടി എം.ഡി സ്കൂളിലെ കുട്ടികള്‍ സ്വരൂപിച്ച സ്നേഹസമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. കുട്ടികള്‍ സ്വരൂപിച്ച നിത്യോപയോഗ സാധനങ്ങളും സ്നേഹസ്പര്‍ശം ഫണ്ടും (5000/- രൂപാ) അവരുടെ പ്രതിനിധികളായ ജിന്‍സ് സജിയും ജസ്റ്റിന്‍ വി ജോണും ചേര്‍ന്ന് മേഴ്സി സ്കൂളിന്റെ ചുമതലക്കാരായ സിസ്റ്റര്‍ അഗ്നസ്സ്, സിസ്റ്റര്‍ അനിത എന്നിവര്‍ക്ക് കൈമാറി. 150-തോളം കുട്ടികളെ സംരക്ഷിക്കുന്ന  കര്‍ണ്ണാടകത്തിലെ പ്രമുഖ സ്ഥാപനമാണ് കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന മേഴ്സി സ്പെഷ്യല്‍ സ്കൂള്‍. മൈസൂറില്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ വരുമ്പോഴും എം.‍‍ഡി സ്കൂള്‍ മാത്രം നടത്തിയ ഈ വ്യത്യസ്ത  പ്രവര്‍ത്തനത്തിന് അവര്‍ നന്ദി പറഞ്ഞു.
        'നല്ലപാഠം' പദ്ധതിയുടെ ഭാഗമായി എം.ഡി സ്കൂള്‍ നടപ്പാക്കിയ ഈ പദ്ധതിയുടെ ആശയം ‌പത്താം ക്ലാസിലെ കുട്ടികളുടെ ഇടയില്‍നിന്നാണ് ഉണ്ടായത്. പഠനത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ കുട്ടികള്‍ മൈസൂര്‍, ഊട്ടി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ തങ്ങളുടെ യാത്ര സ്നേഹസ്പര്‍ശം കൂടിയാകണമെന്ന് അവര്‍ തീരുമാനിച്ചു. അതിനു വേണ്ടി കുട്ടികള്‍ കുറേ പണം മാറ്റിവച്ചു.
        മേഴ്സി സ്കൂള്‍ സന്ദര്‍ശനത്തിന് വഴിയൊരുക്കിയ മൈസൂരിലെ പൊതുജനനേതാക്കള്‍ സ്കൂള്‍ നടപ്പാക്കിയ 'നല്ല പാഠംപദ്ധതിയെ അഭിനന്ദിച്ചു. വിദ്യാലയങ്ങളില്‍ നിന്നു വരുന്ന വിനോദയാത്രാ സംഘങ്ങള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി അന്യസംസ്ഥാനങ്ങളിലെത്തിയാല്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ പോലും സഹായിക്കുമെന്നു അവര്‍ അഭിപ്രായപ്പെട്ടു. കുട്ടികളുടെ ഈ സ്നേഹസന്ദര്‍ശനത്തിന് അധ്യാപകര്‍ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു.

30-09-2012
കാരുണ്യഹസ്തം-6
        ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനി ഐശ്വര്യക്ക് കാരുണ്യഹസ്തം പദ്ധതിയില്‍പ്പെടുത്തി കുട്ടികള്‍  10000/- (പതിനായിരം)രൂപ നല്‍കി.
ഒക്ടോബര്‍

03-10-2012
ഭവനനിര്‍മ്മാണം ആരംഭിച്ചു
       
        എട്ടാമത് ഭവനത്തിനായി ലഭിച്ച അപേക്ഷകള്‍ എല്ലാം വിശദമായി പരിശോധിച്ച് ഏറ്റവും അര്‍ഹര്‍ എന്നു കണ്ടെത്തിയ പ്രിന്‍സ് (VII) പ്രിറ്റി(VI) എന്നീ സഹോദരങ്ങള്‍ക്ക് വേണ്ടിയുള്ള ഭവനനിര്‍മ്മാണം ആരംഭിച്ചു.

04-10-2012

കൗണ്‍സിലിങ്ങ് ക്ലാസ്സുകള്‍
        കൗണ്‍സിലര്‍ ശ്രീമതി ജെസ്സി എഫ്രേം പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് പൊതുവായും, പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായും കൗണ്‍സിലിങ്ങ് ക്ലാസ് എടുത്തു. കുട്ടികളെ

പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളും പത്താം ക്ലാസ്സിലെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും കൗണ്‍സിലിങ്ങ് ക്ലാസ്സിലെ പ്രധാന വിഷയമായിരുന്നു.
        'സാന്ത്വനം' പദ്ധതിയില്‍പ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും ശ്രീമതി ജെസ്സി എഫ്രേം കൗണ്‍സിലിങ്ങ് ക്ലാസ്സ് നല്‍കി.

09-10-2012

1. ജില്ലാ ആശുപത്രി ശുചീകരണവും ആശുപത്രിക്ക്  20 സ്റ്റൂളുകള്‍ കൈമാറലും
        എം.ഡി സ്കൂളിലെ കുട്ടികള്‍ 'നല്ല പാഠം' പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രി വൃത്തിയാക്കി. വിദ്യാര്‍ഥികള്‍ സ്വരൂപിച്ച പണം ഉപയോഗിച്ച വാങ്ങിയ സ്റ്റൂളുകള്‍(20 എണ്ണം) ഡി.എം.ഒ ഐഷാഭായിക്കു കൈമാറി. സ്കൂളിലെ സ്റ്റുഡന്‍സ് പോലീസും സോഷ്യല്‍ സര്‍വീസ് ലീഗും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ. സണ്ണി കലൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ ശ്രീ.വി.കെ അനില്‍കുമാര്‍, കൗണ്‍സിലര്‍ കുമാരി അനീഷാ തങ്കപ്പന്‍, സൂപ്രണ്ട് ഡോ. ജോര്‍ജ് പാലമറ്റം, നോഡല്‍ ഓഫീസര്‍ വേണുഗോപാല്‍, എസ്.ഐ സെബാസ്റ്റ്യന്‍, ഡി.ഐ ദാസപ്പന്‍, ഹെഡ്മാസ്റ്റര്‍ ഫിലിപ്പ് വര്‍ഗ്ഗീസ്, അധ്യാപകര്‍, വിദ്യാര്‍ത്ഥിപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സജീവമായി പങ്കെടുത്തു.
2. ദുരന്ത നിവാരണ തെരുവുനാടകത്തിന് സ്വീകരണം.
       
        ദുരന്ത നിവാരണത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഓര്‍മിപ്പിക്കുന്ന തെരുവുനാടക സംഘത്തിന് (ബി.സി.എം കോളജ് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍) സ്വീകരണം നല്‍കി. നാടകം സ്കൂളില്‍വെച്ച് അവതരിപ്പിച്ചു. നല്ല പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുവാന്‍ ഇത്തരം സ്വീകരണം കുട്ടികളെ പ്രാപ്തരാക്കുന്നു. ദുരന്തങ്ങളില്‍ പെടുന്നവരെ രക്ഷിക്കുവാനുള്ള അറിവും മനസും ഉണ്ടാകുന്നു.

13-10-2012
നിര്‍ധനരായ സഹപാഠികള്‍ക്കും അമ്മമാര്‍ക്കും (സാന്ത്വനം പദ്ധതിയില്‍പ്പെട്ടത്) വിനോദയാത്ര സംഘടിപ്പിച്ചു.
       
        എല്ലാവരും വിനോദയാത്ര നടത്തുമ്പോള്‍ തങ്ങളുടെ യാത്ര സന്തോഷം നിറഞ്ഞതാക്കാനേ ശ്രമിക്കാറുള്ളൂ. വിനോദയാത്രയ്ക്ക് സാഹചര്യമില്ലാത്തവരെക്കുറിച്ച് ആരും ചിന്തിക്കാറില്ല. എന്നാല്‍ എം.‍ഡിയിലെ കുട്ടികള്‍ വ്യത്യസ്തമായി ചിന്തിച്ചതിന്റെ ഫലമായി സ്കൂളിലെ സാന്ത്വനം പദ്ധതിയില്‍പ്പെട്ട നിര്‍ധനരായ 60 കുട്ടികള്‍ക്കും അവരില്‍ ചിലരുടെ അമ്മമാര്‍ക്കും വിനോദയാത്രയുടെ സന്തോഷം അനുഭവിക്കാന്‍ സാധിച്ചു. ഈ കുട്ടികള്‍ക്ക് വേണ്ടി വാഗമണ്‍, പരുന്തുംപാറ, മലനാട് മില്‍ക്ക് എന്നീ സ്ഥലങ്ങളിലേയ്ക്ക് പഠന-വിനോദയാത്ര ഒരുക്കിയപ്പോള്‍ അതിനുവേണ്ടി വന്ന ചെലവ് വഹിച്ചത് മറ്റു കുട്ടികളും അധ്യാപകരും ചേര്‍ന്നാണ്. തങ്ങള്‍ അനുഭവിക്കുന്ന സന്തോഷത്തില്‍ കുറേയെങ്കിലും സഹപാഠികള്‍ക്കും ലഭിക്കണമെന്ന് ചിന്തയിലാണ് നല്ല പാഠം പദ്ധതിയില്‍പ്പെടുത്തി കുട്ടികള്‍ ഈ യാത്ര സംഘടിപ്പിച്ചത്. അധ്യാപകര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

നവംബര്‍
01-11-2012

ശാന്തിഭവനില്‍ സ്നേഹം പകര്‍ന്ന് എല്ലാ ശനിയാഴ്ചും കുട്ടികള്‍ എത്തുന്നു
        എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്കുശേഷം കുട്ടികള്‍ കോട്ടയം ഈരേക്കടവിന് സമീപമുള്ള ശാന്തിഭവനില്‍ സ്നേഹവും ശുശ്രൂഷയുമായി എത്തും. ഒപ്പം ആശുപത്രിയില്‍ കൊണ്ടുപോകേണ്ട അന്തേവാസികള്‍ക്ക് തുണയായി കുട്ടികള്‍ എപ്പോഴും ഉണ്ടാകും.

ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന പലരേയും കുട്ടികള്‍ എടുത്തുകൊണ്ടാണ് പോവുന്നത്. ഇവിടെയുള്ള നൂറോളം അന്തേവാസികള്‍ക്ക് മക്കളുടെയും കൊച്ചുമക്കളുടെയും സ്നേഹം പകരുന്ന പദ്ധതിയാണ് കുട്ടികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.പ്രായമായവരും ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും വഴിയരികില്‍ അലഞ്ഞ് നടക്കുന്നവരെയും ഒക്കെയാണ് ശാന്തിഭവനിലെ താമസക്കാര്‍. അവരോടൊത്ത് എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് സ്നേഹ സംഭാഷണങ്ങള്‍ നടത്തുന്നു. അവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ കുട്ടികള്‍ തന്നെ വാങ്ങിച്ചുകൊടുക്കുന്നു. സോപ്പ്, മധുരപലഹാരങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ.
സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിലെ കുട്ടികളാണ് ഈ നല്ലപാഠം പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്.
സ്നേഹസപര്‍ശം-3
        കേരളപ്പിറവി ദിനത്തില്‍ അധ്യാപകരും കുട്ടികളും ശാന്തിഭവന്‍ സന്ദര്‍ശിച്ച് കുട്ടികള്‍ ശേഖരിച്ച വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും കൈമാറി. വിദ്യാര്‍ത്ഥി പ്രതിനിധികളായ സച്ചിന്‍ ജോര്‍ജ്, രാഹുല്‍ നാഥ്, ദേവസാഗര്‍, വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

02-11-2012
                    പച്ചക്കറിത്തോട്ടം
    സ്കൂളിലെ എസ്.പി.സി കുട്ടികള്‍ വീട്ടില്‍ പച്ചക്കറിത്തോട്ടം നിര്‍മ്മാണം ആരംഭിച്ചു. സ്കൂളിലും ഒരു പച്ചക്കറിത്തോട്ടം ഒരുക്കാന്‍ ശ്രമിക്കുന്നു. കൃഷിയോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുവാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിക്കും.

20-11-2012
കാരുണ്യഹസ്തം-7
            സ്കൂള്‍ കാന്റീന്‍ നടത്തുന്ന ബിജു കെ. ആറിന്റെ പിതാവിന് കുടല്‍ ഓപ്പറേഷനുവേണ്ടി 5000/- ( അയ്യായിരം)രൂപ നല്‍കി.

22/23-11-2012
                       നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പ്
        നല്ലപാഠം പദ്ധതിയില്‍പ്പെ‌ടുത്തി നടപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പുകളിലെ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ്  22,23 തീയതികളിലായി ഓഡിറ്റോറിയത്തില്‍ നടന്നു. സ്കൂളും വി-ബസേലിയനും ചേര്‍ന്ന് എല്‍.ഐ.സിയുടെ സഹകരണത്തോടെ വാസന്‍ ഐ കെയര്‍ ഹോസ്പ്പിറ്റലിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി നടത്തിയ ക്യാമ്പ് എല്‍.ഐ.സി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ എന്‍.ദൊരൈസ്വാമി ഉദ്ഘാടനം ചെയ്തു.

26-11-2012
   
'വഴികാട്ടി'-രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനത്തിന് സ്കൂള്‍ വേദിയായി.
       
                മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ പ്രചാരണപരിപാടി- വഴികാട്ടിയുടെ രണ്ടാംഘട്ട സംസ്ഥാനതല

ഉദ്ഘാടനം സ്കൂളില്‍വെച്ച് നടന്നു. ഈ പരിപാടിയില്‍ സ്കൂളിന്റെ താല്പര്യം അറിയിച്ചപ്പോള്‍ രണ്ടാംഘട്ടഉദ്ഘാടനത്തിന് വേദിയായി സ്കൂളിനെ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തെരെഞ്ഞടുത്തു. സിനിമാനടന്‍ ശ്രീ. മധു ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.ജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ശ്രീ. സിറിയക് തോമസ് മുഖ്യ സന്ദേശം നല്‍കി. ജില്ലാ പോലീസ്
ചീഫ് ശ്രീ. സി.രാജഗോപാല്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഫൗണ്ടേഷന്‍ എം.ഡി ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴ അധ്യക്ഷനായിരുന്നു. ലഹരിവിരുദ്ധ സന്ദേശമടങ്ങിയ നെയിംസ്ലിപ്പിന്റെ പ്രകാശനവും നടന്നു. പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിലുള്ള അധ്യാപക-വിദ്യാര്‍ത്ഥി സംഘം പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നല്‍കി.

26/27-11-2012
ചിത്ര പ്രദര്‍ശനവും 'സേവ് എനര്‍ജി ബോധവത്കരണവും'
            ശങ്കേഴ്സ് സ്മാരക അഖിലേന്ത്യാ ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി ജിഷ്ണു പി രാജിന്റെ ചിത്രപ്രദര്‍ശനവും എന്‍.സി.സി സീനിയര്‍ ഡിവിഷന്റെ ആഭിമുഖ്യത്തിലുള്ള സേവ് എനര്‍ജി ബോധവത്കരണവും നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഓഡിറ്റോറിയത്തില്‍ നടന്നു.
            ശങ്കേഴ്സ് പുരസ്കാരം, സംസ്ഥാന കലാമേളകളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ നേടിയ ജിഷ്ണുവിന്‍റെ ചിത്രങ്ങള്‍ കേരളമാകെ ഏറെ പ്രശംസ നേടിയതാണ്. ഈ ചിത്രങ്ങള്‍ 'ജിഷ്ണുലോകം' എന്ന പേരിലാണ്  സ്കൂളില്‍ പ്രദര്‍ശിപ്പിച്ചത്.
   
               ഇതോടൊപ്പം ഊര്‍ജ്ജസംരക്ഷണത്തിന് കുട്ടികളേയും രക്ഷിതാക്കളേയും പൊതുജനങ്ങളേയും ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി എന്‍ സി സി യൂണിറ്റിലെ കുട്ടികള്‍ തയ്യാറാക്കിയ സേവ് എനര്‍ജി ബോധവല്‍ക്കരണ പരിപാടിയും എല്ലാവരേയും ആകര്‍ഷിച്ചു. മുതിര്‍ന്ന സിനിമാ നടന്‍ ശ്രീ. മധു എം ജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ശ്രീ.സിറിയക് തോമസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രദര്‍ശനം കാണുകയും മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. എന്‍ സി സി ഓഫീസര്‍ ശ്രീ. സതീഷ് തോമസ് ജോണ്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഊര്‍ജം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളും സമൂഹവും തിരിച്ചറിയുന്നു.

28 11 2012

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനവും സാമൂഹ്യ സേവന         പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും.
    എം ഡി സെമിനാരി ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഈ അധ്യായന വര്‍ഷം ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി രാധാ വി നായര്‍ നിര്‍വ്വഹിച്ചു. കേഡറ്റിന്റെ യൂണിറ്റ് അനുവദിച്ചതുമുതല്‍ നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജില്ലാ ആശുപത്രി വൃത്തിയാക്കല്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, ട്രാഫിക്ക് നിയന്ത്രണം, പച്ചക്കറിത്തോട്ടം തുടങ്ങിയ നിരവധി നല്ലപാഠങ്ങള്‍ എസ് പി സി നടപ്പിലാക്കി. എസ് പി സി നടത്തുന്ന സാമൂഹിക
സേവന- ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് അഡീ.നോഡല്‍ ഓഫീസര്‍ ശ്രീ.കെ. പി വേണുഗോപാല്‍ വിവരിച്ചു. സി സി ഒ ശ്രീ ബിജു ബി. സി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഡിസംബര്‍

3-12-2012
                സ്നേഹക്കുടുക്കകള്‍ തുറന്നു.
  മിഠായി വാങ്ങാനും ജ്യൂസ് കുടിക്കാനും വള വാങ്ങാനും ഒക്കെ ലഭിച്ച നാണയ‌ത്തുട്ടുകള്‍ കുട്ടികള്‍ സ്നേഹക്കുടുക്കകളില്‍ നിക്ഷേപിച്ചപ്പോള്‍ ഒരു സഹപാഠിക്കുകൂടി ഭവനം ഉയരുകയായി. കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് രണ്ടാമന്‍ ചരമ ശതാബ്ദി ഭവന നിര്‍മ്മാണ പദ്ധതിയിലെ എട്ടാമത്തെ ഭവനത്തിനുവേണ്ടിയുള്ള സ്നേഹക്കുടുക്കകള്‍ ഇന്ന് തുറന്നു. ആകെ 76000/-രൂപ ലഭിച്ചു. 
ഇതു കൂടാതെ സോഷ്യല്‍ സര്‍വ്വീസ് ലീഗിലേക്ക് കുട്ടികള്‍ നല്‍കിയ സംഭാവനയായ ഒരുലക്ഷത്തിനാല്‍പത്തിയാറായിരത്തിഎഴുന്നൂറ്റിയമ്പത്  (146750/-)രൂപയുടെ ഒരു വിഹിതവും അധ്യാപകരും അനധ്യാപകരും സ്കൂളിന്റെ സ്നേഹിതരും നല്‍കിയ തുകയും ചേര്‍ത്ത് എട്ടാമത് ഭവനം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.

6-12-2012

രക്ഷിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലന ബോധവല്‍ക്കരണ പരിപാടി.
    മാതാപിതാക്കള്‍ക്കായി കമ്പ്യൂട്ടര്‍ പരിശീലനവും ബോധവല്‍ക്കരണ ക്ലാസും നടന്നു. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ എന്നിവയുടെ ഗുണദോഷങ്ങളെക്കുറിച്ചും കുട്ടികള്‍ ഇവ ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമാണ് ക്ലാസെടുത്തത്. കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ തന്നെ പരിശീലനം നല്‍കി ആധുനിക ലോകത്ത് മൂല്യബോധമുള്ളവരായി കുട്ടികളെ വളര്‍ത്തുന്നതിന് മാതാപിതാക്കള്‍ക്ക് ഇത്തരത്തിലുള്ള അറിവ് ആവശ്യമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇത്തരമൊരു പരിശീലന പരിപാടി ക്രമീകരിച്ചത്. അധ്യാപികമാരായ സൂസന്‍ എം ഫിലിപ്പ്, സോമിനി മാത്യു വിദ്യാര്‍ത്ഥികളായ രാമനാഥ് വിആര്‍, ശരവണകുമാര്‍,അര്‍ജുന്‍ അനില്‍കുമാര്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്കൂളില്‍ നടപ്പാക്കി വരുന്ന ഡിജിറ്റല്‍ പെയിന്റിംഗ് പരിശീലന പദ്ധതിയിലൂടെ സംസ്ഥാന ജില്ലാ തലങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ ജിഷ്ണു പി രാജ്, അതുല്‍ എസ് എന്നീ കുട്ടികളെ രക്ഷിതാക്കളുടെ യോഗം അഭിനന്ദിച്ചു.

7-12-2012
    പതാക ദിന റാലിയും ഭക്ഷണപ്പൊതി വിതരണവും
 എന്‍ സി സി പതാക ദിനത്തോടനുബന്ധിച്ച് കുട്ടികള്‍‌ പൊതിച്ചോറു കൊണ്ടുവന്ന് ശാന്തിഭവനില്‍ നല്‍കി. ആര്‍മി സ്റ്റാംമ്പുകള്‍ പൊതുജനങ്ങള്‍ക്ക് കുട്ടികള്‍ നല്‍കി അതില്‍ നിന്നും ലഭിച്ച തുക സൈനികരുടെ വിധവകളുടെ ക്ഷേമ നിധിയിലേയ്ക്ക് നല്‍കി.പതാകദിന റാലിയും നടത്തി.

8-12-2012

സ്നേഹസ്പര്‍ശം -4 (കലകളുടെ സൗന്ദ്യര്യവും സ്നേഹത്തിന്റെ മധുരവുമായി
എം. ഡി സ്കൂളിലെ കുട്ടികള്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍)
    സ്കൂളിലെ കുട്ടികള്‍ തിരുവഞ്ചൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍(ജുവനൈല്‍ ഹോം) ചെയ്തത് മാനവ സ്നേഹത്തിന്റെ വ്യത്യസ്ത മുഖം. ജീവിതത്തിലെ പ്രത്യേക സാഹചര്യങ്ങളില്‍പ്പെട്ട് ഇവിടെ എത്തിയ 35 കുട്ടികള്‍ക്കും അവിടുത്തെ ജീവനക്കാര്‍ക്കും വേറിട്ട അനുഭവമായി ഈ സന്ദര്‍ശനം.സംസ്ഥാന ജില്ലാ തലങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ ദഫ്മുട്ട്, അറവനമുട്ട്, വഞ്ചിപ്പാട്ട്, വട്ടപ്പാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ സ്കൂളിലെ കുട്ടികള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.
കലോത്സവ വേദികളില്‍ തര്‍ക്കങ്ങളുടേയും കൈയ്യേറ്റങ്ങളുടെയും കഥ പറയുന്ന കലാരൂപങ്ങള്‍ക്ക് മാനുഷികതയുടെ മുഖം നല്‍കുക എന്നതുകൂടിയായിരുന്നു സന്ദര്‍ശനോദ്ദേശ്യം. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളും അവരുടെ കഴിവുകള്‍ അവതരിപ്പിച്ചു.
    ഇവിടെ താമസിക്കുന്ന കുട്ടികള്‍ക്ക് പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങാനും സ്നേഹസദ്യയ്ക്കുമായി 10000/-(പതിനായിരം) രൂപാ നല്‍കി. മധുര പലഹാരങ്ങള്‍ നല്‍കി. കുട്ടികള്‍ ശേഖരിച്ച ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ കൈമാറി. കിടക്കാന്‍ ആവശ്യമായ മെത്തകള്‍ കൂടി  പിന്നീട് എത്തിക്കാനും തീരുമാനിച്ചു.
    ഇത്തരം സന്ദര്‍ശനങ്ങള്‍ തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും ഇനിയും ഇവിടേയ്ക്കു വരണമെന്നും സൂപ്രണ്ട് മെര്‍ലി ജോസും കുട്ടികളും ആവശ്യപ്പെട്ടു. വീണ്ടും വരുമെന്ന ഉറപ്പോടെ തികച്ചും ഹൃദയസ്പര്‍ശിയായ സന്ദര്‍ശനം അവസാനിച്ചു.







11-12-2012

    എട്ടാമത്തെ ഭവനത്തിന്റെ താക്കോല്‍ വിതരണവും(സ്നേഹസൗധം)                 കലാക്ഷേത്രത്തിന്റെ വിതരണോദ്ഘാടനവും.

    സ്കൂള്‍ സ്ഥാപകന്‍ പുണ്യശ്ലോകനായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ തിരുമേനി ചരമ ശതാബ്ദി സ്മാരക ഭവന നിര്‍മ്മാണ പദ്ധതിയിലെ എട്ടാമത്തെ ഭവനത്തിന്റെ താക്കോല്‍ വിതരണം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി നിര്‍വ്വഹിച്ചു. എം ഡി സ്കൂള്‍ കേരളത്തിനാകെ മാതൃകയാണെന്നും സര്‍ക്കാര്‍ ഇവിടെ വന്ന് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാതോലിക്കേറ്റ് & എം ഡി സ്കൂള്‍ ഗവേണിംഗ് സെക്രട്ടറി ഫാദര്‍ മോഹന്‍ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാ വി നായര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിന്ധു വിശ്വന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ കുമാരി അനീഷ തങ്കപ്പന്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജേക്കബ് കുറ്റിയില്‍, പിറ്റിഎ പ്രസിഡന്റ് ശ്രീ സാം വര്‍ഗീസ്, സ്കൂള്‍ ലീഡര്‍ കുമാരി സെബ എല്‍സ ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു.

    സ്നേഹക്കുടുക്കയിലൂടെ കുട്ടികള്‍ സ്വരുക്കൂട്ടിയ തുകയും അധ്യാപകരും അനധ്യാപകരും സ്നേഹിതരും നല്‍കിയ തുകയും ചേര്‍ന്നപ്പോഴാണ്  എട്ടാമത് ഭവനം പൂര്‍ത്തിയായത്.  സ്കൂളില്‍ പഠിക്കുന്ന സഹോദരങ്ങളായ  പ്രിന്‍സിനും(ക്ലാസ് 7) പ്രിറ്റിയ്ക്കുമാണ് (ക്ലാസ് 6) വീട് നിര്‍മ്മിച്ചുനല്‍കിയത്.
ഈ ചടങ്ങില്‍വച്ച് സ്കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കലാക്ഷേത്രത്തിന്റെ നിര്‍മ്മോണോദ്ഘാടനവും നടന്നു കലാ രംഗത്ത് ഒരുപാട് കുട്ടികളെ വാര്‍ത്തെടുക്കുന്ന ഈ വിദ്യാലയത്തില്‍ കലയുടെ പരിശീലനത്തിനും മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയാണ് കലാക്ഷേത്രത്തിന്റെ നിര്‍മ്മാണം നടത്തുന്നത്.

20/12/ 2012 - 8/1/2013

ക്രിസ്തുമസ്- നവവത്സര നല്ലപാഠം പദ്ധതി.

1    ക്രിസ്തുമസ് കിറ്റ് വിതരണം
2    വീടിന്റെ അറ്റകുറ്റപ്പണി(ജോസ്മി മാത്യു)
3    സ്നേഹസ്പര്‍ശം-5 (പ്രൊവിഡന്‍സ് പുവര്‍ ഹോം സന്ദര്‍ശനം)
4    കയ്യെഴുത്തു മാസികയുടെ പ്രകാശനം
5    ഹരിത മനോഹര ക്യാമ്പസ് (എസ്. പി. സി )
6    കാരുണ്യഹസ്തം -8
7    സ്നേഹസ്പര്‍ശം -6(നാലുകോടി പുതുജീവന്‍ ഹോം സന്ദര്‍ശനം)

20-12-2012
ക്രിസ്തുമസ് കിറ്റ് വിതരണം
            സാന്ത്വനം പദ്ധതിയില്‍പ്പെട്ട അറുപതുകുട്ടികള്‍ക്കും ക്രിസ്തുമസ് കേക്കും വെളിച്ചെണ്ണയുമടങ്ങിയ ക്രിസ്തുമസ് കിറ്റുകള്‍ വിതരണം ചെയ്തു. ഇതിനുള്ള തുക കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് നല്‍കി.

21-12-2012
വീടിന്റെ അറ്റകുറ്റപ്പണി(ജോസ്മി മാത്യു 7C)
       
                മാതാപിതാക്കള്‍ മരിച്ച് വല്യമ്മയുടെ സംരക്ഷണത്തില്‍ കഴിയുന്ന ഏഴാം ക്ലാസ് വിദ്യാത്ഥിനി ജോസ്മി മാത്യുവിന്റെ ഭവനത്തിന്റെ അറ്റകുറ്റപ്പണിതീര്‍ത്ത്

വാസയോഗ്യമാക്കുന്നതിന് കുട്ടികള്‍ തീരുമാനിച്ചു. ട്രാമ്പ പ്രെയര്‍ ഗ്രൂപ്പിന്റെ കുറേ സഹായം നിര്‍മ്മാണത്തിന് ലഭിക്കും.  ജനുവരി മാസം അവസാനത്തോടെ പണികള്‍ പൂര്‍ത്തീകരിക്കും. ഇതിനായി ഏകദേശം 20000/-(ഇരുപതിനായിരം) രൂപ ചെലവാകും. ഈ തുക കുട്ടികളും കൂടിച്ചേര്‍ന്ന് കണ്ടെത്തിക്കഴിഞ്ഞു.

26-12-2012

സ്നേഹസ്പര്‍ശം-5 (കദളിമറ്റം പ്രൊവിഡന്‍സ് പുവര്‍ ഹോം സന്ദര്‍ശനം)

സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി എന്‍ എസ് എസ് വോളന്റിയേഴ്സ് അവരുടെ വാര്‍ഷിക ക്യാമ്പിനോടനുബന്ധിച്ച് കദളിമറ്റം പ്രൊവിഡന്‍സ് പുവര്‍ ഹോം സന്ദര്‍ശിച്ചു. അവിടുത്തെ അന്തേവാസികള്‍ക്ക് കേക്ക് വിതരണം ചെയ്തു. സ്കൂളിലെ കുട്ടികള്‍ ശേഖരിച്ച പണം കൊണ്ട് ഒരു ചാക്ക് അരി വാങ്ങി അവിടെ നല്‍കി.

31-12-2012
കയ്യെഴുത്തു മാസികയുടെ പ്രകാശനം

യുപി വിഭാഗം കുട്ടികള്‍ രചിച്ച പ്രകാശം എന്ന കൈയ്യെഴുത്തു മാസികയുടെ പ്രകാശനം മലങ്കര ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. മാത്യു ടി ജോണ്‍ നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. പി. വൈ. ജസണ്‍, ട്രഷറര്‍ പ്രിനു മാത്യൂസ്, എഡിറ്റര്‍ റെന്‍സി മാത്യു എന്നിവര്‍ സംസാരിച്ചു.

31–12-2012 &1–1-2013
ഹരിത മനോഹര ക്യാമ്പസ് (എസ് പി സി )

ഹരിത മനോഹര ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി എസ് പി സി കുട്ടികള്‍ സ്കൂളും പരിസരവും വൃത്തിയാക്കി.പരിസര ശുചിത്വത്തിന്റെ പ്രാധാന്യം കുട്ടികള്‍ തിരിച്ചറിയുന്നു. അവര്‍ ജീവിക്കുന്ന സമൂഹത്തിലേക്കും അത് പകര്‍ത്തും.

1-1-2013
കാരുണ്യഹസ്തം-8

‌വൃക്ക രോഗത്താല്‍ ബുദ്ധിമുട്ടുന്ന വിഘ്നേഷ് എന്ന കുട്ടിക്ക് (തൃക്കോതമംഗലം ഹൈസ്കൂള്‍) 5000/-( അയ്യായിരം)  രൂപ കുട്ടികള്‍ നല്‍കി.

8-1-2013
സ്നേഹസ്പര്‍ശം-6 (നാലുകോടി പുതുജീവന്‍ ഹോം സന്ദര്‍ശനം)
            നല്ലപാഠം പദ്ധതിയിലെ സ്നേഹസ്പര്‍ശത്തിന്റെ ഭാഗമായി മാനസിക രോഗികളെ ചികിസ്തിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നാലുകോടി പുതുജീവന്‍(ട്രസ്റ്റ്) ഹോം കുട്ടികള്‍ സന്ദര്‍ശിച്ചു അവര്‍ ശേഖരിച്ച വസ്ത്രങ്ങളും സോപ്പ്, പേസ്റ്റ് തുടങ്ങിയ സാധനങ്ങളും അധ്യാപകരും കുട്ടികളും ചേര്‍ന്ന് വാങ്ങിയ പുത്തന്‍ വസ്ത്രങ്ങളും മധുര പലഹാരങ്ങളും കൈമാറി. അവിടുത്തെ അന്തേവാസികളോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍‌ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറി. നമുക്കു ദൈവം നല്‍കിയിരിക്കുന്ന സൗഭാഗ്യങ്ങള്‍ എത്ര വലുതാണെന്ന് ഇത്തരം സന്ദര്‍ശനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കേരളമാകെ സമരവേലിയേറ്റങ്ങള്‍ നടന്ന ദിവസമാണ് ഈ സന്ദര്‍ശനം നടത്തിയത് എന്നത് ഏറെ മാതൃകാപരമാണെന്ന് കരുതാം. ഇത് സമൂഹത്തിന് വലിയൊരു സന്ദേശമാണ് പകരുന്നത്.

14-1-2012
1.ഡിജിറ്റല്‍ മാഗസിന്റെ പ്രകാശനം
 സ്കൂളിലെ ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഡിജിറ്റല്‍ മാഗസിന്റെ പ്രകാശനം ഹെഡ്മാസ്റ്റര്‍ ശ്രീ ഫിലിപ്പ് വര്‍ഗീസ് നിര്‍വ്വഹിച്ചു.കാലത്തിനനുസരിച്ച മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ ഇത്തരം ശ്രമങ്ങള്‍ കുട്ടികളെ പ്രാപ്തരാക്കുന്നു.
2.കാരുണ്യഹസ്തം-9
5Aയിലെ കൈലാസ് വിനോദിന് കാരുണ്യഹസ്തം പദ്ധതിയില്‍പ്പെടുത്തി 27000/- (ഇരുപത്തിയേഴായിരം) രൂപാ നല്‍കി. ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍നിന്നും അധ്യാപകരുടെ ശ്രമഫലമായി ലഭിച്ച തുകയാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്.
    സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന 24 ക്ലബുകള്‍
1.സയന്‍സ് ക്ലബ്ബ്
2.സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
3.മാത്ത്സ് ക്ലബ്ബ്
4.പരിസ്ഥിതി ക്ലബ്ബ്
5.വിദ്യാരംഗം കലാസാഹിത്യവേദി
6.ഹിന്ദി ക്ലബ്ബ്
7.ഹെല്‍ത്ത് ക്ലബ്ബ്
8.ജൂണിയര്‍ റെഡ് ക്രോസ്
9.നേച്ചര്‍ ക്ലബ്ബ്
      10.   ക്വിസ് ക്ലബ്ബ്
11.സേഫ്റ്റി ക്ലബ്ബ്
12.ഐ.റ്റി ക്ലബ്ബ്
13.റീഡേഴ്സ് ക്ലബ്ബ്
14.ശുചിത്വ സേന
15.ലിറ്ററി ക്ലബ്ബ്
16.ഹെറിറ്റേജ് ക്ലബ്ബ്
17.ലഹരി വിരുദ്ധ ക്ലബ്ബ്
18.സൗഹൃദ ക്ലബ്ബ്
19.സ്കൗട്ട്
20.ഗൈഡ്സ്
21.എന്‍.സി.സി {സീനിയര്‍&ജൂനിയര്‍}
22.എന്‍.എസ്.എസ്
23.എസ്‌.പി.സി
24.എം.ജി.ഓ.സി.എസ്.എം
        ഈ ക്ലബുകള്‍ പലതും സ്കൂളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയാണ്. തെരെഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ ചുമതലയില്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തുന്നു. കുട്ടികള്‍ക്ക് ആവശ്യമായ ക്ലാസുകള്‍, സന്ദേശറാലികള്‍, പ്രദര്‍ശനങ്ങള്‍, ബോധവത്കരണം, ഡിബേറ്റുകള്‍, മത്സരപരിശീലനം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ ക്ലബുകളില്‍ അംഗങ്ങളായ കുട്ടികള്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് ധാരാളം സമ്മാനങ്ങള്‍ നേടുകയും ചെയ്തു.
ഈ ക്ലബ്ബുകള്‍ നല്ല പാഠം പദ്ധതിയുമായി സഹകരിച്ച് ശ്രദ്ധേയമായ ചില പരിപാടികള്‍ നടത്തിയത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
        കുട്ടികള്‍ക്കിടയില്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും പെണ്‍കുട്ടികള്‍ക്ക് സമൂഹത്തില്‍ ധൈര്യമായി ജീവിക്കുന്നതിനും ഉതകുന്ന കൗണ്‍സിലിങ്ങ് ക്ലാസുകള്‍ ഉള്‍പ്പെടെ നല്‍കുന്ന സൗഹൃദക്ലബിന്റെ(ഏറ്റവും പുതിയതായി ആരംഭിച്ചത്) പ്രവര്‍ത്തനങ്ങള്‍ വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തമാണ്.


പ്രവര്‍ത്തി പരിചയം
        കുടനിര്‍മ്മാണം, കളിമണ്‍വസ്തുക്കളുടെ നിര്‍മ്മാണം, നൂല്‍നൂല്‍പ്, ചോക്ക് നിര്‍മ്മാണം തുടങ്ങിയ നിരവധി മേഖലകളില്‍ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയും സ്കൂളില്‍ നിലവിലുണ്ട്. അധ്യാപകനായ ശ്രീ.ജേക്കബ് മാമ്മന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

കരാട്ടേ പരിശീലനം
        കരാട്ടേ പരിശീലനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അതിനുള്ള സൗകര്യവും  ഒരുക്കിയിരിക്കുന്നു.നിരവധി കുട്ടികള്‍ ഇത് പ്രയോജനപ്പെടുത്തുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ധൈര്യമായി സമൂഹത്തില്‍ ജീവിക്കുന്നതിന് ഇത്തരം പരിശീലനങ്ങള്‍ ഊര്‍ജ്ജം പകരും.
കലാപരിശീലനം
        വിവിധ കലാരൂപങ്ങള്‍(ഉദാ: ദഫ്മുട്ട്, അറബനമുട്ട്, വട്ടപ്പാട്ട്, വഞ്ചിപ്പാട്ട്, ഒപ്പന.........), വാദ്യോപകരണങ്ങള്‍ എന്നിവ പരിശീലിപ്പിക്കുന്നതിനും അവരെ വിവിധ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനുമുള്ള ബൃഹത്തായ പദ്ധതിയാണ് സ്കൂളില്‍ വര്‍ഷങ്ങളായി നടത്തിവരുന്നത്.
        ഈ കലാരൂപങ്ങള്‍ പരിശീലിച്ച കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ കലോത്സവങ്ങളില്‍ മാത്രമല്ല  അനാഥാലയങ്ങളിലും മറ്റും അവതരിപ്പിച്ച് സാമൂഹിക പ്രതിബദ്ധതയും ഉത്തമ മാതൃകയും സൃഷ്ടിക്കുന്നു.തിരുവഞ്ചൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ അവതരിപ്പിച്ച പരിപാടികള്‍ ഏറ്റവും മാതൃകാപരമായിരുന്നു.

കായികരംഗം
        സ്പോര്‍ട്സ്, ഗെയിംസ് രംഗങ്ങളില്‍ ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ നിരവധി സമ്മാനങ്ങളാണ് സ്കൂളിലെ കുട്ടികള്‍ നേടുന്നത്. വോളിബോള്‍ സംസ്ഥാന ടീമിലെ 4 അംഗങ്ങള്‍ ഈ സ്കൂളിലെ കുട്ടികളാണ്.
എന്‍.സി.സി(ജൂണിയര്‍&സീനിയര്‍ ഡിവിഷനുകള്‍), എന്‍.എസ്.എസ്, എസ്.പി.സി, സ്കൗട്ട്&ഗൈഡ്സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ-സംസ്ഥാനതലങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന നിലയിലാണ്. ഇവരെല്ലാം തനത് പ്രവര്‍ത്തനങ്ങളോടൊപ്പം നല്ല പാഠത്തിന്റെ പരിധിയില്‍ വരുന്ന നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും ചെയ്യുന്നു. അവയില്‍ പ്രധാനപ്പെട്ടവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സോഷ്യല്‍ സര്‍വ്വീസ് ലീഗ്
സ്കൂളിലെ ജീവകാരുണ്യ-സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു കോണ്ടുപോകുന്നതില്‍ സോഷ്യല്‍‌ സര്‍വ്വീസ് ലീഗ് വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്.
നല്ല പാഠത്തിലെ പല പദ്ധതികളുടെയും പിന്നില്‍ സോഷ്യല്‍ സര്‍വ്വീസ് ലീഗാണ്. ഇതിന്റെ ഫണ്ടിലേക്ക് മാത്രം കുട്ടികള്‍ ഈ വര്‍ഷം ഒരുലക്ഷത്തിനാല്‍പ്പത്തിയാറായിരത്തിയെഴുന്നൂറ്റിയമ്പത് (146750/-) രൂപാ നല്‍കി. സ്നേഹക്കുടുക്ക, കാരുണ്യഹസ്തം തുടങ്ങിയ പദ്ധതികളിലേക്ക് കുട്ടികള്‍ നല്‍കിയ തുക ഇതിനു പുറമേയാണ്. വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ച പണത്തിന്റെ കണക്ക് റിപ്പോര്‍ട്ടിനോടൊപ്പെ ചേര്‍ത്തിരിക്കുന്നു.
--------------------------------

സ്നേഹ സൗധം (എട്ടാമത് ഭവനം)
    കുട്ടികളുടെ നേതൃത്വത്തില്‍ എട്ടാമത് ഭവനമാണ് ഈ വര്‍ഷം നിര്‍മ്മിച്ചു നല്‍കിയത് വീടില്ലാത്ത ഒരു കുട്ടിക്ക് വീടുണ്ടാക്കുക എന്നതു മാത്രമല്ല ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് സമൂഹത്തിനു വലിയൊരു സന്ദേശമാണ് നല്‍കുന്നത്. കുട്ടികള്‍ തങ്ങള്‍ക്കു ലഭിക്കുന്ന പണത്തില്‍നിന്നും മിച്ചം പിടിക്കുന്ന തുക സ്നേഹക്കുടുക്കകളില്‍ നിക്ഷേപിക്കുമ്പോള്‍ അവിടെ സ്നേഹത്തിന്റെ വലിയൊരു ലോകമാണ് സൃഷ്ടിക്കപ്പെടുന്നത്. സമൂഹശ്രദ്ധയാകര്‍ഷിച്ച ഈ പദ്ധതിയില്‍പ്പെടുത്തി എല്ലാ വര്‍ഷവുംകുറഞ്ഞത് ഒരു വീടെങ്കിലും നല്‍കണമെന്നാണ് കുട്ടികളുടെയും അദ്ധ്യാപകരുടെയും തീരുമാനം. കാരുണ്യത്തിന്റെ ഈ മാതൃകയെക്കുറിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ വളരെ നല്ല റിപ്പോര്‍ട്ടുകള്‍ കൊടുക്കുയും ഇത് സമൂഹത്തിനനുകരിക്കാന്‍ കഴിയുന്ന മാതൃകയാണെന്ന് പറയുകയും ചെയ്യുന്നു.

കാരുണ്യഹസ്തം
        കുട്ടികള്‍ പണം ശേഖരിച്ച് രോഗത്താല്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക്(സ്കൂളുമായി ബന്ധപ്പെട്ടവര്‍ക്കും പുറത്തുള്ളവര്‍ക്കും )സഹായം നല്‍കുന്നു. ഇത് ആവശ്യക്കാര്‍ക്ക് പ്രയോജനപ്പെടുന്നു എന്ന് മാത്രമല്ല സമൂഹത്തിലെ കുറേ ആളുകള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ പ്രേരണയുണ്ടാകുന്നു .105000/-(ഒരുലക്ഷത്തിയയ്യായിരം)രൂപയാണ് ഈ ഇനത്തില്‍ മാത്രം ചെലവഴിച്ചത്.
സ്നേഹസ്പര്‍ശം
            അനാഥാലയങ്ങള്‍, ജുവനൈല്‍ ഹോം എന്നിവ കുട്ടികള്‍ സന്ദര്‍ശിച്ച് സഹായം ചെയ്യുമ്പോള്‍ അത് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാകുന്നു അവിടുത്തെ അന്തേവാസികളില്‍ ഏറെ സന്തോഷം ഉണ്ടാക്കുന്നു. വിനോദയാത്രയ്ക്കിടയില്‍ മൈസൂരിലെ സ്പെഷ്യല്‍ സ്കൂള്‍ സന്ദര്‍ശിച്ചത് ആ നാട്ടിലെ ആളുകള്‍ക്ക് വ്യത്യസ്ത അനുഭവമായി മാറി തിരുവഞ്ചൂര്‍ ചില്‍ഡ്രന്‍സ്ഹോം സന്ദര്‍ശിച്ച് കലാപരിപാടികള്‍ അവതരിപ്പിച്ചത് അവിടത്തെ കുട്ടികളില്‍ ചെറുതെങ്കിലും ഒരു മാറ്റം ഉണ്ടാക്കി. വീണ്ടും അവിടേക്ക് ചെല്ലണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇത്തരം സന്ദര്‍ശനങ്ങള്‍ കുട്ടികളുടേയും സമൂഹത്തിന്റെയും മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാക്കുന്നു

സാന്ത്വനം
            ഈ പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന അറുപതു കുട്ടികള്‍, അവരുടെ ഭവനങ്ങള്‍ അവരുമായി ചേര്‍ന്ന് ജീവിക്കുന്ന ആളുകള്‍-ഇവരില്‍ സൃഷ്ടിക്കുന്ന മാറ്റം വളരെ വലുതാണ്. സഹജീവികളെ കരുതണമെന്ന ചിന്ത കുട്ടികളിലൂടെ സമൂഹത്തിലും ഉണ്ടാകുന്നു.
സ്നേഹഭോജ്യം
            പരസ്പരമുള്ള കരുതല്‍ വര്‍ദ്ധിപ്പിക്കുന്നു. സഹജീവികള്‍ക്ക് വേണ്ടി നന്മചെയ്യുവാനുള്ള സുമനസ്സ് സൃഷ്ടിക്കപ്പെടുന്നു. എല്ലാ കുട്ടികള്‍ക്കും ഒരേ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നു

ആശുപത്രി ശുചീകരണം, സ്റ്റൂള്‍ വിതരണം
            പൊതുസ്ഥാപനങ്ങള്‍ എല്ലാവരും ചേര്‍ന്ന് സംരക്ഷിക്കേണ്ടതാണെന്ന ചിന്ത സമൂഹത്തിനുണ്ടാകുന്നു. സമൂഹത്തിന് കഴിയാവുന്ന സഹായങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ തയ്യാറാവുന്നു.

കൗണ്‍സിലിംഗ് ക്ലാസുകള്‍  (കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും)
പ്രദര്‍ശനങ്ങള്‍ (പരിസ്ഥിതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍),സന്ദേശറാലികള്‍

    ഇവയെല്ലാം കുട്ടികളിലും സമൂഹത്തിലും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും ചിന്താതലങ്ങളില്‍  മാറ്റം സൃഷ്ടിക്കാനും സഹായിക്കുന്നു.

മെഡിക്കല്‍ ക്യാമ്പുകള്‍
    ആധുനിക ചികിത്സ കുട്ടികളിലും സമൂഹത്തിലെ കുറേ ആളുകളിലും എത്തിക്കാന്‍ കഴിയുന്നു.

നല്ലപാഠത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും വിജയം എം ഡി കുടുംബത്തിന്റെ കൂട്ടായ്മയുടെ ഫലമാണ് ഇതു തന്നെ സമൂഹത്തിനുള്ള വലിയൊരു സന്ദേശമാണ്.

    വിദ്യാഭ്യാസം കച്ചവടമല്ലെന്നും സാമൂഹിക പ്രതിബദ്ധതയോടെയുള്ള സേവനമാണെന്നും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സമൂഹത്തിനും തിരിച്ചറിയാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു. സമരദിനങ്ങളില്‍പ്പോലും നല്ലപാഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുകവഴി സമൂഹത്തിന്റെമുന്നില്‍ വ്യത്യസ്തതയുടെ മറ്റൊരു പാഠം കൂടി സൃഷ്ടിക്കാന്‍    സ്കൂളിന് കഴിഞ്ഞു.
    സ്കൂള്‍ നടത്തുന്ന നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ ഉണ്ടാകുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വര്‍ദ്ധിച്ചു വരുന്ന കുട്ടികളുടെ എണ്ണം.

        എം.ഡി സ്കൂളിലെ നല്ല പാഠം പദ്ധതിയുടെ ഒരു ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വളരെ സന്തോഷവും അഭിമാനവും ഏറെ നന്ദിയുമുണ്ട്. വര്‍ഷങ്ങളായി സ്കൂളില്‍ നടന്നു വരുന്ന ചില പദ്ധതികളും പുതിയതായി തുടങ്ങിയ പദ്ധതികളും നല്മ പാഠങ്ങളായി മുന്നേറുമ്പോള്‍ ഇത് ഒരു കൂട്ടായ്മയുടെ വിജയമാണ്. അധ്യാപകരും അനധ്യാപകരും കുട്ടികളും രക്ഷിതാക്കളും പി,റ്റി.എ കമ്മിറ്റി അംഗങ്ങളും ഏക മനസ്സേടെ പ്രവര്‍ത്തിച്ചതാണ് ഈ വിജയത്തിന്റെ പിന്നിലെ ശക്തി. സാമ്പത്തിക സഹായത്തിന്റെ കാര്യത്തിലും ഈ കൂട്ടായ്മ ഉണ്ടായിരുന്നു.ഇതു തന്നെ ഒരു നല്ല പാഠമായി കരുതാം.
        നല്ല പാഠത്തിന്റെ പ്രവര്‍ത്തനം മൂലം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും കാഴ്ചപാടില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു.വിദ്യാഭ്യാസം കച്ചവടമാക്കുന്ന കാലഘട്ടത്തില്‍ സഹജീവി സ്നേഹവും സംസ്കാര രൂപീകരണവും സാമൂഹിക പ്രതിബദ്ധതയും കൂടിയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഈ പ്രവര്‍ത്തനങ്ങളില്‍ കൂടി എം.ഡി സ്കൂള്‍ തെളിയിച്ചു.
        പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുട്ടികള്‍ ഏറെ പഠിക്കുന്ന ഈ വിദ്യാലയത്തിന് ഇത്രയും പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്നുള്ളുതു അഭിമാനകരമാണ്.
        നല്ല പാഠവുമായി സഹകരിച്ച കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പി.ടി.എ അംഗങ്ങള്‍,മാനേജ്മെന്റ്, സ്കൂളിന്റെ സ്നേഹിതര്‍ എന്നിവരോടുള്ള കടപ്പാട് വാക്കുകള്‍ക്കതീതമാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ സമൂഹമധ്യത്തില്‍ എത്തിച്ച (നല്ല പാഠം എന്ന ആശയം സൃഷ്ടിച്ച)മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും ഞങ്ങളെ പ്രോത്സാഹിപ്പിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി......

    120വര്‍ഷമായി അക്ഷരനഗരിയില്‍ വിജ്ഞാനത്തിന്റെ പ്രഭ ചൊരിയുന്ന സരസ്വതി ക്ഷേത്രമാണ് എം.ഡി സെമിനാരി ഹയര്‍ സെക്കന്ററി സ്കൂള്‍. 1893-ല്‍ പുണ്യശ്ലോകനായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ നാമത്തില്‍ അഭിവന്ദ്യ ദീവന്നാസ്യോസ് രണ്ടാമന്‍ തിരുമേനിയാണ് 'മാര്‍ ദീവന്നാസ്യോസ് സെമിനാരി സ്കൂള്‍' സ്ഥാപിച്ചത്.
 ദരിദ്രരും ഇടത്തരക്കാരുമായ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച
വിദ്യാലയം ഇന്നും അതിന്റെ സ്ഥാപിതലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ചിട്ടില്ല എന്നത്    എടുത്തുപറയേണ്ടതാണ്. പാഠ്യ- പാഠ്യേതര രംഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന
സ്കൂള്‍ , സാമൂഹ്യസേവന – ജീവകാരുണ്യരംഗങ്ങളിലും ഏറെ ശ്രദ്ധ പതിപ്പിക്കുന്നു.         മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ്& എം.ഡി സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെകീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കു