Friday, 14 October 2011

ആശംസ പി റ്റി എ പ്രസിഡന്‍റ്

ആശംസ

   കഴിഞ്ഞ ഒരു  ശതാബ്ദത്തിലേറെയായ്   അക്ഷര  നഗരത്തിന്  അറിവിന്റെ   സൂര്യതേജസ്സ്   നല്‍കി  പരിശോഭിക്കുന്ന  കോട്ടയം  എം.ഡി  സെമിനാരി  ഹയര്‍  സെക്കണ്ടറി  സ്കൂളിന്  ഇത്  ധന്യതയുടെ  നിമിഷം.........
           നഗരത്തിന്റെ  തിരക്കുകള്‍ക്കിടയിലും  പ്രശാന്തതയുടെ  നിത്യസ്ഥാനമായി,കുഞ്ഞുങ്ങളുടെ  അകക്കണ്ണ്  തുറക്കുന്ന  ദേവാലയമായി,ഈ  വിദ്യാലയ മുത്തശ്ശി  ജനഹൃദയങ്ങളില്‍  ജീവിക്കുന്നു.മഹാരഥന്മാരായ  ഗുരുക്കന്മാരെക്കൊണ്ടും,പ്രഗത്ഭരായ  ശിഷ്യന്മാരെക്കൊണ്ടും   സമ്പന്നമായിരുന്ന  ഈ  വിദ്യാലയം  എക്കാലത്തും  അറിവിന്റെ   അഗ്നിതേജസ്സ്  ഹൃദയത്തിലേക്ക്  ഏറ്റുവാങ്ങിയ  പുലിക്കോട്ടില്‍  ജോസഫ്  മാര്‍  ദിവന്ന്യാസ്യോസ്  തിരുമേനി   സ്ഥാപിച്ച  ഈ  വിദ്യാലയം   അറിവിന്റെ  നക്ഷത്രപ്രകാശം   പകര്‍ന്നു  നല്‍കിയത്   ജാതിമത ഭേദമന്യേയുള്ള   ആയിരങ്ങള്‍ക്കാണ്.ആ  മഹിതപാരമ്പര്യം  കാത്തു  സൂക്ഷിച്ചുകൊണ്ട്  നവ്യമായ  പ്രവര്‍ത്തന  സരണികളുമായി  മുന്നോട്ട്  പ്രയാണം  ചെയ്യുന്ന  ഈ  സരസ്വതിക്ഷേത്രം  അറിവിനോടൊപ്പം  കാരുണ്യത്തിന്റേയും  സ്നേഹത്തിന്റേയും   പുതിയ  പാഠങ്ങള്‍   തങ്ങളുടെ   വിദ്യാര്‍ത്ഥികള്‍ക്ക്  മുമ്പില്‍   തുറന്നിട്ടതില്‍   നമുക്ക്   അഭിമാനിക്കാം.ഈ  വിദ്യാലയത്തിലെ   വിദ്യാര്‍ത്ഥികളും , അദ്ധ്യാപകരും  സമാഹരിച്ച  നാണയത്തുട്ടുകള്‍   എത്ര  കുഞ്ഞുങ്ങളുടെ  നിത്യസ്വപ്നങ്ങളെയാണ്   അനശ്വരമാക്കിയത്.കലാലയ രാഷ്ട്രീയത്തിന്റെയും,വിദ്യാഭ്യാസകച്ചവടത്തിന്റെയും  മാത്രം  സ്വരാക്ഷരങ്ങള്‍  ഉയരുന്ന   കേരളീയ  സമൂഹത്തിന്  ഈ വിദ്യാലയം പകര്‍ന്നു നല്‍കിയ സ്നേഹത്തിന്റേയും കാരുണ്യത്തിന്റെയും പാഠങ്ങള്‍ പുതിയ ശക്തിമന്ത്രങ്ങളായി തീരട്ടെ.
                                         ലമ്പനോന്റെ പ്രിയ കവി ഖലില്‍ ജിമ്പ്രാന്‍ തന്റെ പ്രശസ്ത ഗ്രന്ഥമായ പ്രവാചകനില്‍ ( THE PROPHET) എഴുതി, 'മന്ദിരത്തിന്റെ നിഴല്‍പറ്റി തന്റെ ശിഷ്യര്‍ക്കിടയിലൂടെ നടക്കുന്ന ഗുരു ജ്ഞാനമല്ല പകര്‍ന്നു കൊടുക്കുക അദ്ദേഹത്തിന്റെ വിശ്വാസവും സ്നേഹവുമാണല്ലോ'. എന്ന്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തോളം, തന്റെ ശിഷ്യര്‍ക്ക് ജ്ഞാനത്തോടൊപ്പം വിശ്വാസവും സ്നേഹവും പകര്‍ന്നുനല്‍കിയ നമ്മുടെ പ്രിയപ്പെട്ട ഹെഡ്മാസ്റ്റര്‍ ജേക്കബ് കുറ്റിയില്‍ സാറിനും ആദരണീയയായ മറിയാമ്മ ചാണ്ടി ടീച്ചര്‍ക്കും അദ്ധ്യാപക രക്ഷകര്‍ത്തൃ സമിതിയുടെ ആശംസകള്‍ നേരുന്നു. ഒപ്പം കഴിഞ്ഞ അദ്ധ്യയന വര്‍ഷം നേട്ടങ്ങള്‍ കൊയ്തെടുത്ത പ്രിയപെട്ട വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്കും ഹൃദയംഗമായ അഭിനന്ദനങ്ങള്‍.
    
    സാം  വര്‍ഗീസ് , നെടുംപൊയ്കയില്‍

No comments:

Post a Comment