Saturday, 15 October 2011

വിനു വര്‍ഗ്ഗീസ് കുര്യന്‍...സംസ്ഥാനതലഉപന്യാസം....ഒന്നാം സ്ഥാനം...



2010 ലോകബഹിരാകാശവാരാഘോഷത്തോടനുബന്ധിച്ച് VSSCയും ISROയും ചേര്‍ന്നുനടത്തിയ മലയാളം ഉപന്യാസമത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തിനര്‍ഹനായ ഉപന്യാസം.
......................വിനു വര്‍ഗ്ഗീസ് കുര്യന്‍ X B




" അനന്തമജ്ഞാതമവര്‍ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ടു? ! ''

           

                                            നാലപ്പാട്ടു നാരായണമേനോന്റെ 'കണ്ണുനീര്‍ത്തുള്ളി'യിലെ ഈ വരികള്‍ പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പൂര്‍ണ്ണമായ് സാധിക്കാത്ത മനുഷ്യാവസ്ഥയെ കാട്ടിത്തരുന്നു. എന്നാല്‍ മനുഷ്യന്‍ അതിന് ശ്രമിച്ചുക്കൊണ്ടേയിരിക്കുന്നു. അന്വേഷണമാണ് മനുഷ്യന്റെ അടിസ്ഥാന സ്വഭാവം. കൈയിലൊരു കല്ലുമായി കാട്ടുമൃഗങ്ങളുടെ കാല്‍പാട് പിന്തുടര്‍ന്ന പ്രാചീന മനുഷ്യന്‍ മുതല്‍  കണികകളുടെ പൊരുള്‍ തേടി കമ്പ്യൂട്ടര്‍ സ്ക്രീനിലേയ്ക്ക് കണ്ണുനട്ടിരിക്കുന്ന ആധുനിക മനുഷ്യന്‍ വരെ …..... അന്വേഷണത്തിന്റെ വഴിയില്‍ത്തന്നെയാണ് മനുഷ്യന്‍ എന്നു തെളിയിക്കുന്നു. ഭൂമിയേയും സൂര്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും കുറിച്ചുള്ള അന്വേഷണം മുതല്‍ സ്വന്തം ഉത്പത്തിവരെ ഉള്‍പ്പെടുന്നു ആ അന്വേഷണത്തിന്റെ  നിരയില്‍. 
                                           പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുന്നതില്‍ മനുഷ്യനോളം വിജയിച്ച മറ്റൊരു ജീവി ഉണ്ടായിട്ടില്ല. പക്ഷേ പ്രപഞ്ചരഹസ്യങ്ങളുടെ അനന്തതയും ആഴവും കണക്കാക്കുമ്പോള്‍ അതൊരു വലിയ വിജയമല്ല എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ അതു തിരിച്ചറിഞ്ഞതും മനുഷ്യന്‍ തന്നെയാണ്.
                                   
                                           പ്രപഞ്ചത്തിനൊരു പെരുന്തച്ചനുണ്ടോ? ഉണ്ടെങ്കില്‍ ആ പെരുന്തച്ചന്റെ കണക്കുകളും സൂത്ര വാക്യങ്ങളും കണ്ടെത്തുവാനാണ് കണികശാസ്ത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

                                             പ്രപഞ്ചം എങ്ങനെയുണ്ടായി എന്നത് മനുഷ്യരാശിയോളം പഴക്കമുള്ള ചോദ്യമാണ്.  അതേപ്പറ്റി അനേകം കഥകളും വിശ്വാസങ്ങളും ഉണ്ട്. ഈജിപ്തുകാരുടെ വിശ്വാസമനുസരിച്ച് റേ എന്ന സൂര്യദേവനാണ് പ്രപ‍ഞ്ചസൃഷ്ടാവ്. അപെപ് എന്ന സര്‍പ്പമാണ് റേ ദേവന്റെ ശത്രു. എല്ലാ രാത്രികളിലും അവര്‍ തമ്മില്‍ യുദ്ധം ചെയ്യുകയാണെന്നും ഒരു നാള്‍ അപെപ് ജയിക്കും എന്നും അന്ന് ലോകം അവസാനിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. 'ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു. ദൈവം ഉണ്ടാകട്ടെ എന്നു കല്‍പിച്ചപോള്‍ വെളിച്ചവും വെള്ളവും സമസ്തജീവസസ്യജാലങ്ങളും ഉണ്ടായി. ഏറ്റവും ഒടുവില്‍ സ്വന്തം രൂപത്തില്‍ മനുഷ്യനെയും സൃഷ്ടിച്ചു.' എന്ന് പ്രപഞ്ചോത്പത്തിയേക്കുറിച്ച് ബൈബിളില്‍ പറയുന്നു. മഹാവിഷ്ണുവില്‍ നിന്ന് ബ്രഹ്മാവും, ബ്രഹ്മാവില്‍ നിന്ന് സമസ്തജീവജാലങ്ങളുമുണ്ടായെന്ന് ഹൈന്ദവ പുരാണങ്ങള്‍ പറയുന്നു. വെള്ളം, വായു, അഗ്നി തുടങ്ങിയവയില്‍നിന്നാണ് പ്രപഞ്ചം ഉണ്ടായതെന്ന് പുരാതന ഗ്രീക്ക് തത്വചിന്തകന്‍മാര്‍ പറയുന്നു.
                          പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്ന് ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടില്‍ അംഗീകരിച്ചിരുന്നില്ല. 'പ്രപഞ്ചത്തിന് തുടക്കുവുമില്ല ഒടുക്കവുമില്ല. അത് സ്ഥിരമായ ഒന്നാണ്. അതിന് വളര്‍ച്ചയുമില്ല വികാസവുമില്ല, നാശവുമില്ല . എക്കാലത്തും അത് ഒരുപോലെ തന്നെയായിരിക്കും. 'എന്ന് അദ്ദേഹം പറഞ്ഞു. അരിസ്റ്റോട്ടിലിന്റെ ഈ സങ്കല്പ്പം തന്നെയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ മിക്ക തത്വചിന്തകരും ശാസ്ത്രജ്ഞരും വച്ചുപുലര്‍ത്തിയിരുന്നത്. എന്നാല്‍ 1917ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അദ്ദേഹത്തിന്റെ 'ജനറല്‍ റിലേറ്റിവിറ്റി' എന്ന പൊതു ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചു. വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യുന്ന പ്രപഞ്ചം എന്ന ഉത്തരമാണ് തന്റെ സമവാക്യങ്ങള്‍ തന്നതെങ്കിലും അതില്‍ സന്തുഷ്ടനാകാതെ നിശ്ചലപ്രപഞ്ചം എന്ന വിശ്വാസത്തെ മുന്‍നിര്‍ത്തി, തന്റെ സിദ്ധാന്തത്തില്‍ നിയമ ബന്ധിതമല്ലാത്ത ഒരു കോസ്മോളജിക്കല്‍ കോണ്‍സ്റ്റന്റ് കൂട്ടിചേര്‍ത്ത് വികാസസങ്കോചങ്ങളില്ലാത്ത നിശ്ചല പ്രപഞ്ചം എന്ന മാതൃക അവതരിപ്പിച്ചു. പ്രപഞ്ചം സ്ഥിരമായ ഒന്നല്ല. അത് എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു എന്ന് ആദ്യമായി വിശദീകരിച്ചത് റഷ്യന്‍ വശാസ്ത്രജ്ഞനായ അലക്സാണ്ടര്‍ ഫ്രീഡ്മാനാണ്. 1922ല്‍ ഐന്‍സ്റ്റീന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തം പഠിച്ച അദ്ദേഹം, ആ സിദ്ധാന്തപ്രകാരം പ്രപഞ്ചം സ്ഥിരമല്ല എന്നാണ് വിശദീകരിക്കേണ്ടത് എന്ന് കണ്ടത്തി.
                                               പ്രപഞ്ചത്തിന് ഒരു ആരംഭമുണ്ടെന്ന ചിന്ത അതോടെ ശാസാത്രജ്ഞരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങി. ബെല്‍ജിയത്തിലെ ശാസ്ത്രജ്ഞനായ ജോര്‍ജ് ഹെന്‍റി ലെമൈറ്റര്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായ കണ്ടെത്തലുകള്‍‍ നടത്തി.
                                                 1929ല്‍ ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ള്‍ തന്റെ 'വികസ്വരപ്രപഞ്ചസിദ്ധാന്ത'വുമായി രംഗത്തെത്തി. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ശാസ്ത്രീയമായി വിശദീകരിച്ചു. ഗാലക്സികള്‍ പ്രപഞ്ചത്തില്‍ നിശ്ചലമായി നില്‍ക്കുകയല്ല അവ അതിവേഗത്തില്‍ സഞ്ചരിക്കുകയും പരസ്പരം അകന്നുകൊണ്ടിരിക്കുകയും ചെയ്യുകയാണെന്ന് ഹബ്ള്‍ കണ്ടെത്തി. ഗാലക്സികളുടെ വേഗം ഒരു പോലെയല്ല. ഏറ്റവും അകലെയുള്ളവ ഏറ്റവും വേഗത്തിലും ഏറ്റവും അടുത്തുള്ളവ ഏറ്റവും പതുക്കെയും സഞ്ചരിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തി. ഈ കണ്ടെത്തലില്‍ നിന്നാണ് ഏറ്റവും പ്രസിദ്ധമായ ഹബ്ള്‍ നിയമം രൂപം കൊണ്ടത്.  എണ്ണമറ്റ ഗാലക്സികള്‍ ചേര്‍ന്നുണ്ടായതാണ് പ്രപഞ്ചം. ഗാലക്സികള്‍ പരസ്പരം അതിവേഗം അകന്നുകൊണ്ടിരിക്കുന്നു. അങ്ങനെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നത് ഹബ്ള്‍ വ്യക്തമാക്കി. ഹബ്ളിന്റെ ഈ കണ്ടുപിടുത്തത്തേക്കുറിച്ച്  അറിഞ്ഞപ്പോള്‍ ഐന്‍സ്റ്റീന്‍ പറഞ്ഞത്  "ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നു ആ കോസ്മോളജിക്കല്‍ കോണ്‍സ്റ്റന്റ്. അത് വലിച്ചെറിയൂ” എന്നായിരുന്നു!

              സ്റ്റാന്‍ഡേര്‍ഡ് മാതൃക

               ഇന്നു വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം മുമ്പ് ഇതിനേക്കാള്‍ ചുരുങ്ങിയിരിക്കുന്നു എന്നു സങ്കല്പിച്ചാല്‍ അന്ന് പദാര്‍ത്ഥം തിങ്ങിഞെരുങ്ങി സാന്ദ്രത ഇന്നത്തേക്കാള്‍ കൂടുതലായിരുന്നു എന്ന് ഊഹിക്കാം. - ഇന്നുള്ള വസ്തുക്കളെല്ലാം അന്നുമുണ്ടായിരുന്നു എങ്കില്‍.- അത്തരമൊരു സാന്ദ്രത കൂടിയ ഘട്ടത്തില്‍ താപനിലയും കൂടുതലായിരുന്നിരിക്കണം. സമയത്തില്‍ നാം പുറകോട്ടുപോയാല്‍ പ്രപഞ്ചത്തിന്റെ സാന്ദ്രതയും താപനിലയും കൂടിക്കൂടി വരും.  അന്ന് ഗാലക്സികളും നക്ഷത്രങ്ങളും ഇന്നത്തേക്കാള്‍ വളരെ അടുത്ത് സ്ഥിതിചെയ്തിരുന്നിരിക്കണം. വളരെ പണ്ട് ഇവ രൂപംകൊണ്ടിരിക്കാന്‍ തന്നെ ഇടയില്ലാത്തെ ഒരു കാലം ഉണ്ടായിരുന്നിരിക്കാം. പദാര്‍ത്ഥം മുഴുവന്‍ ഏറെക്കുറേ തുല്യ സാന്ദ്രതയില്‍ പരന്നു കിടന്നരുന്ന അവസ്ഥ. താപനില ഏതാണ്ട് നാലായിരം ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കുമ്പോള്‍ പദാര്‍ത്ഥം ആറ്റങ്ങളുടെ രൂപത്തിലായിരിക്കില്ല. കാരണം,ഒരു ആറ്റത്തിലെ ഇലക്ട്രോണുകള്‍ക്ക് അതില്‍തന്നെ പറ്റിയിരിക്കാന്‍ ഈ താപനിലയില്‍ സാധ്യമല്ല. അവ  വെറും നൂക്ലിയസ്സുകളും സ്വതന്ത്ര ഇലക്ട്രോണുകളുമായി അലഞ്ഞു തിരിയുകയായിരിക്കും. പദാര്‍ത്ഥത്തിന്റെ അപ്പോഴുള്ള അവസ്ഥയെ പ്ലാസ്മ അവസ്ഥ എന്നു പറയും. അതില്‍ നിന്ന്  വികസിക്കുകയും അതോടൊപ്പം തണുക്കുകയും ചെയ്താണ് പപ്രഞ്ചം ഇന്നു കാണുന്ന അവസ്ഥയിലെത്തിയത് എന്നാണ് സ്റ്റാന്‍ഡേര്‍ഡ് മാതൃകയുടെ അടിസ്ഥാന സങ്കല്പ്പം.

മഹാസ്ഫോടനസിദ്ധാന്തം (Big Bang Theory)

സൂര്യനും  ഗ്രഹങ്ങളും ഗ്രഹങ്ങളിലെ ചരാചരങ്ങളും എല്ലാ നിര്‍മിതമായിട്ടുള്ള അണുക്കള്‍ ഉണ്ടാകാന്‍ കാരണമായ സംഭവമുണ്ടായത് 1500 കോടി ‍വര്‍ഷം മുമ്പാണ്. അന്ന് ഗാലക്സികള്‍ എല്ലാം ഒന്നു ചേര്‍ന്ന് ഒരൊറ്റയിടത്ത് കേന്ദ്രീകരിച്ചിരുന്നു. അതായത് പ്രപഞ്ചത്തിലെ ദ്രവ്യം മുഴുവന്‍ ഒരു ബിന്ദുവില്‍. ശാസ്രലോകം ആ ബിന്ദുവിനെ വിളിക്കുന്നത് ഏകത്വം അഥവാ സിംഗുലാരിറ്റി എന്നാണ്. ആ അവസ്ഥയില്‍ ഒരു മഹാസ്ഫോടനം ഉണ്ടായി, പ്രപഞ്ചം തുടങ്ങി. അതു വികസിച്ചുകെണ്ടേയിരിക്കുന്നു. ഈ കാര്യങ്ങള്‍ ഗണിതപരമായ  തെളിവുകള്‍ നിരത്തി വാദിക്കുകയുണ്ടായി; ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സും    റോജര്‍ പെന്‍റോസും. പക്ഷേ, ഇതില്‍ വിശ്വാസമില്ലാത്തവരും അനേകരുണ്ട്. അവരിലൊരാളായ ഫ്രെഡ് ഹോയല്‍ ഒരിക്കല്‍ ഇതിനെ 'ബിഗ്ബാങ് സിദ്ധാന്തം'എന്ന് ഹാസ്യരൂപേണ വിശേഷിപ്പിച്ചു. പക്ഷേ, ഈ വ്യാജസ്തുതി സിദ്ധാന്തത്തിന്റെ യഥാര്‍ഥ നാമമായി മാറുകയാണ് ഉണ്ടായത്!ഒരു  സിംഗുലാരറ്റിയില്‍നിന്നും ഉളവായ പ്രപഞ്ചം എന്ന പൊതുസ്വഭാവമുള്ള എല്ലാ സിദ്ധാന്തങ്ങളും ബിഗ്ബാങ് സിദ്ധാന്തങ്ങള്‍ എന്നറിയപ്പെടുന്നു.

സ്റ്റെഡിസ്റ്റേറ്റ് സിദ്ധാന്തം
1948-ല്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്മാരായ ഹെര്‍മന്‍ബോണ്ടി, തോമസ് ഗോള്‍ഡ്, ഫ്രഡ് ഹോയല്‍ എന്നിവരാണ് സ്റ്റെഡിസ്റ്റേറ്റ് തിയറി അഥവാ സ്ഥിരസ്ഥിതി സിദ്ധാന്തം അവതരിപ്പിച്ചത്. വികാസ-സങ്കോചങ്ങളില്ലാത്ത ഐന്‍സ്റ്റീന്റെ നിശ്ചലപ്രപഞ്ചത്തില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു സ്റ്റെഡിസ്റ്റേറ്റ് മാതൃക. സ്റ്റെഡിസ്റ്റേറ്റില്‍ പ്രപഞ്ചം വികസിക്കുന്നുണ്ട്. പിന്നെ സുസ്ഥിരമാകുന്നത് എങ്ങനെയെന്ന് ചോദിച്ചാല്‍, പ്രപ‌ഞ്ചത്തിന് അടിസ്ഥാനപരമായി ഒരു മാറ്റവും സംഭവിക്കില്ല. അതിന്റെ പൊതുസ്വഭാവങ്ങള്‍ എന്നും ഒരുപോലെയിരിക്കും. നക്ഷത്രങ്ങളും ഗാലക്സികളും ക്രമേണ ഇല്ലാതാവുകയും നശിക്കുകയും ചെയ്യും. പക്ഷേ ആ സ്ഥാനത്ത് പുതിയവ രൂപംകൊള്ളും . അതിനാല്‍ പ്രപഞ്ചത്തിന് യാതൊരു മാറ്റവുമില്ല . അതുപോലെ തന്നെ പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ അളവുകുറയുമ്പോള്‍ പുതുതായി ഉണ്ടാകുന്ന ദ്രവ്യം ആ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കാന്നു . സ്റ്റെഡിസ്റ്റേറ്റ് സിദ്ധാന്തത്തെ പിന്തുണച്ച പ്രശ്സ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ് ജയന്ത് നാര്‍ലിക്കര്‍ .
                                 1964 ല്‍ മഹാവിസ്ഫോടന സിദ്ധാന്തമാണ് ശരിയെന്ന് ശാസ്ത്രീയമായി തെളിഞ്ഞു . അമേരിക്കന്‍ ശാസ്ത്രജ്ഞരായ ആര്‍നോ പെന്‍സിയാസ് , റോബര്‍ട് വില്‍സണ്‍   എന്നീ ശാസ്ത്രജ്ഞര്‍ റേഡിയോ വികിരണങ്ങള്‍ അളക്കുന്ന ഒരു പുതിയ ഉപകരണം പരീക്ഷിക്കുന്നതിനിടയില്‍‍ , അജ്ഞാതമായ ഒരു പ്രത്യേകതരം റേഡിയോ തരംഗങ്ങള്‍ തങ്ങളുടെ റിസീവറീല്‍ കടന്നുകൂടുന്നതായി  കണ്ടെത്തി. 1948 ല്‍ ജോര്‍ജ്ജ്ഗാമോവ് എന്ന ശാസ്ത്രജ്ഞന്‍ , മഹാവിസ്ഫോടനത്തിന്രെഫലമായി ഉണ്ടായ വികിര‌ണ-തരംഗങ്ങള്‍ ഇപ്പോഴും ഭൂമിയില്‍ എത്തുന്നുണ്ട് എന്ന് പറഞ്ഞിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍  പെന്‍സിയാസും വില്‍സണും തങ്ങളുടെ ഉപകരണത്തില്‍ കടന്നുകൂടിയ റേഡിയോ തരംഗം മഹാവിസ്ഫോടനത്തിന്റ ഫലമായ വികിരണങ്ങളാണെന്ന് കണ്ടെത്തി . ബിഗ് ബാങ്ങ് തിയറിക്ക് അനുകൂലമായ പ്രധാന തെളിവായി ഈ കണ്ടെത്തല്‍‌


മഹാസ്ഫോടനവും മഹാസങ്കോചവും

മഹാസങ്കോചം എന്ന അവസ്ഥ പ്രപഞ്ചത്തിനില്ലെങ്കില്‍ അതെന്നേക്കും വികസിച്ചുകൊണ്ടിരിക്കും . നക്ഷത്രങ്ങളെല്ലാം ഒരിക്കല്‍ എരിഞ്ഞുതീരും . തണുത്തിരുണ്ട പ്രദേശമാകും പ്രപഞ്ചമപ്പോള്‍ . പ്രപഞ്ചത്തിന്റ പരിണാമത്തെ വിവരിക്കുന്ന മറ്റൊരു മാതൃകയില്‍ ഗാലക്സികള്‍ ഇന്നകലുന്നതു പോലെ കുറേക്കാലത്തേക്ക് അകന്നുകൊണ്ടിരിക്കും . പീന്നീടത് ഒരു നിശ്ചിത ബിന്ദുവില്‍ നിശ്ചലമാകും. ഇതിലേതാണ് ശരി ? പ്രപഞ്ചത്തിലെ വസ്തുക്കളുടെ ആകെ സാന്ദ്രതയാണ് ഇതിനുത്തരം നല്കേണ്ടത്.ഇതിലേതവസ്ഥയാണ് പ്രാവര്‍ത്തികമാകുക എന്ന് ഇപ്പോള്‍ പറയുവാന്‍ സാധ്യമല്ല . നക്ഷത്രങ്ങളണഞ്ഞുപോയി എങ്ങും ഇരുളും തണുപ്പും പരക്കുന്ന ഒന്നാണോ പ്രപഞ്ചത്തിന്റെ ഭാവി ? അത് തീരുമാനിക്കുന്നത് അതിലടങ്ങിയിട്ടുള്ള വസ്തുക്കളുടെ സാന്ദ്രതയാണ് . സാന്ദ്രതയ്ക്കൊരു നിര്‍ണ്ണായക മൂല്യമുണ്ട് . പ്രപഞ്ചത്തിന്റെ ആകെ സാന്ദ്രത നിര്‍ണ്ണായക സാന്ദ്രതയ്ക്ക് താഴെയാണെങ്കില്‍ പ്രപഞ്ചം വികാസം നിലച്ച് അപ്രകാരം തന്നെ നില നില്‍ക്കും . നിര്‍ണ്ണായകസാന്ദ്രതയില്‍ കൂടുതലാണ് പ്രപഞ്ചത്തിന്റെ സാന്ദ്രതയെങ്കില്‍ ഒരു ഘട്ടത്തില്‍ വികാസം നിലച്ച് സങ്കോചിക്കാന്‍ തുടങ്ങും. മഹാസ്ഫോഫടനത്തിനു മുന്‍പുള്ള അതിസാന്ദ്രമായ ഇടമായിരുക്കും ഫലം .
                                   പ്രപഞ്ചത്തിന്റ ഏതു ഭാഗത്തുനിന്നും നോക്കിയാലും അത് ഒരേപോലെയിരിക്കുന്നു എന്നു കാണാം. സ്ഥൂലപ്രപഞ്ചത്തിന്റെ കാര്യമെടുക്കുമ്പോഴാണ് ഇതു ശരിയായി വരുന്നത് .
                                               പ്രപഞ്ചത്തിലെ നക്ഷത്രങ്ങളെ വച്ചു നോക്കുമ്പോള്‍ ഒരിടത്തരം മഞ്ഞ നക്ഷത്രമാണ് സൂര്യന്‍ അതിനെച്ചുറ്റുന്ന ഒരു ചെറിയ ഗ്രാഹത്തിലെ അന്തേവാസികളാണ് നമ്മള്‍ . ആകാശഗംഗ എന്ന നമ്മുടെ ഇടത്തരം ഗാലക്സിയില്‍ മാത്രം 10000 കോടിക്കു മുകളില്‍ നക്ഷത്രങ്ങളുണ്ടെന്ന് കരുതപ്പെടുന്നു. സെക്കന്റില്‍ ആറുതവണ ഭൂമിയെച്ചുറ്റുന്ന വേഗത്തില്‍ സഞ്ചരിക്കുന്ന പ്രകാശം ഒരു ലക്ഷം വര്‍ഷം കൊണ്ട് സഞ്ചരിച്ചെത്തുന്ന ദൂരമാണ് ഗാലക്സിയുടെ ഒരറ്റത്തുനിന്നും മറ്റേയറ്റത്തേക്ക് . നമ്മുടെ ഗാലക്സിയെപ്പോലെ  പതിനായിരക്കണക്കിനു കോടി ഗാലക്സികള്‍ പ്രപഞ്ചത്തിലുണ്ട് . ഇതെല്ലാം വെളിവായിട്ട് ഒരു നൂറ്റാണ്ടുപോലമായിട്ടില്ല . ഇനിയും ധാരാളം നിഗൂഢതകള്‍ അവശേഷിക്കുന്നു.   
                             സ്ഥലവും കാലവും തുടങ്ങിയത് മഹാസ്ഫോടനത്തിലാണെന്ന കണ്ടെത്തല്‍ പ്രപഞ്ചം വികസിക്കുന്നു എന്ന അറിവിന്റെ പരിണതഫലമാണ് . പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങളെല്ലാം പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ ഒരൊറ്റ ബലമായിരുന്നു . വിദ്യുത്കാന്തികത , അശക്ത അണുകേന്ദ്രബലം, ഗുരുത്വാകര്‍ഷണബലം എന്നിവ പിന്നീട് വേര്‍പിരിഞ്ഞ് വ്യത്യസ്ത ബലങ്ങളായി.ഈ നാലുബലങ്ങളും ഒന്നുചേര്‍ന്നെങ്ങനെ നിലനിന്നു എന്നു വിവരിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല.


   തമോഗര്‍ത്തങ്ങള്‍

രാത്രിയില്‍ ആകാശത്ത് തെളിഞ്ഞുകാണുന്ന എല്ലാം നക്ഷത്രങ്ങളല്ല. അവയില്‍ ഗാലക്സികള്‍, നെബുലകള്‍, ധൂളിപടലങ്ങള്‍, ക്വസാറുകള്‍ എന്ന ഭീമന്‍ വസ്തുക്കള്‍, പള്‍സറുകള്‍ എന്ന സ്പന്ദനക്ഷത്രങ്ങള്‍ തു‍ങ്ങിയവയുണ്ടാകും. ഒട്ടും തന്നെ കാണാനാവാത്തവയാണ് ബ്ലാക്ഹോളുകള്‍ അഥവാ തമോഗര്‍ത്തങ്ങള്‍. നക്ഷത്രങ്ങളുടെ പരിണാമദശയിലെ ഒരു കണ്ണിയാണ് തമോഗര്‍ത്തം.
നക്ഷത്രങ്ങളുടെ ഊര്‍ജോത്പാദത്തിന് കാരണമായ ആണവപ്രവര്‍ത്തനം അന്ത്യത്തിലെത്തിചേരുമ്പോള്‍ സ്വന്തം ഗുരുത്വാകര്‍ഷണശക്തിയില്‍ നക്ഷത്രം തകര്‍ന്നടിയുന്നു. അങ്ങനെ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങള്‍ അതിന്റെ അടുത്തു വരുന്ന എന്തിനേയും അതിഭയങ്കരമായ ഗുരുത്വാകര്‍ഷണബലംകൊണ്ട് വലിച്ചെടുക്കും. പ്രകാശത്തിനുപോലും തമോഗര്‍ത്തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപെടാനാവില്ല. അടുത്തുള്ള നക്ഷത്രങ്ങളില്‍ നിന്നുള്ള ദ്രവ്യവും ഇവ വലിച്ചെടുക്കുന്നു. തമോഗര്‍ത്തങ്ങളില്‍ നിന്ന് ഒന്നും പുറത്തുവരുന്നില്ലെന്നായിരുന്നു ശസ്ത്രജ്ഞര്‍ കരുതിയത് . എന്നാല്‍ തമോഗര്‍ത്തങ്ങളില്‍ നിന്ന് താപവികിരണം പുറപ്പെടുന്നുണ്ടെന്ന് 1974 ല്‍ സ്റ്റീഫന്‍ ഹോക്കിങ് തെളിയിച്ചു . തമോഗര്‍ത്തങ്ങളില്‍നിന്ന് ദ്രവ്യം പുറപ്പെടുന്ന പ്രക്രിയ ഹോക്കിങ് പ്രോസസ് എന്നറിയപ്പെടുന്നു.

ഡാര്‍ക്ക് എനര്‍ജി

പൊലിഞ്ഞുകൊണ്ടിരിക്കെ ആളികത്തുന്ന നക്ഷത്രങ്ങളെ സൂപ്പര്‍നോവ എന്നു വിളിക്കുന്നു. സൂപ്പര്‍നോവകളില്‍ നിന്നുള്ള പ്രകാശരശ്മികളെ നിരീക്ഷിച്ചുകൊണ്ട് പ്രപഞ്ചം ചുരുങ്ങുന്നതിന്റെ സൂചന വല്ലതും ലഭിക്കുന്നുണ്ടോ എന്ന് ജ്യോതിശാസ്ത്രജ്ഞന്മാര്‍ അന്വേക്ഷിച്ചു പക്ഷേ സംഭവിച്ചത് മറ്റൊന്നാണ് 1998 ഓടെ പ്രപഞ്ചം ചുരുങ്ങിക്കൊണ്ടിരിക്കുകയല്ലാ മറിച്ച് വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമായി . പണ്ടുകരുതിയിരുന്നതുപോലെ മെല്ല മെല്ലയൊന്നുമല്ല . അതിവെഗത്തിലാണ് അതിന്റെ വികസനം . അപ്പോഴാണ് പ്രധാനപ്പെട്ട ഒരു രഹസ്യം പുറത്തുവന്നത് . ഗുരുത്വാകര്‍ഷണത്തെ എതിര്‍ത്ത് പ്രപഞ്ചത്തെ വികസിപ്പിക്കുന്ന ഒരു വമ്പന്‍ ശക്തിയുണ്ട് . ഗുരുത്വാകര്‍ഷണത്തേക്കാള്‍കരുത്തുകൂടിയ ആ ശക്തിയേക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പിടികിട്ടിയില്ല. അതുകൊണ്ട് ശാസ്ത്രജ്ഞര്‍ ആ ശക്തിയെ ഡാര്‍ക്ക് എനര്‍ജി എന്നു വിളിക്കുന്നു . ഈ ഊര്‍ജത്തിന്റെ ഉറവിടവും മറ്റു രഹസ്യങ്ങളുമൊന്നും ആര്‍ക്കും അറിയില്ല . പ്രപഞ്ചത്തിന്റെ പൊട്ടിത്തെറിയുടെ ഭാഗമായി ഉണ്ടായതാണ് ഈ ശക്തി എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു . കണികാപരീക്ഷണങ്ങള്‍ ഡാര്‍ക്ക് എനര്‍ജിയുടെ രഹ്യങ്ങളുടെ ചുരുളഴിക്കാന്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു . ഡാര്‍ക്ക് എനര്‍ജി പോലെ ഡാര്‍ക്ക് മാറ്ററും ഉണ്ട് . ഇരുണ്ട ഊര്‍ജത്തിന്റെ അളവ് 75%വും ഇരുണ്ടദ്രവ്യത്തിന്റെ അളവ്  25%വും ആണെന്ന് കരുതുന്നു . ഡാര്‍ക്ക് എനര്‍ജിയാണ് പ്രപഞ്ചത്തിന്റെ വികാസത്തിനു പിന്നിലെന്നു തെളിഞ്ഞത് 2003 ലാണ്. പ്രപഞ്ചത്തിലെ ഏറ്റവും പ്രബലമായ ശക്തിയാണിതെന്ന് ശാസ്ത്രജ്ഞര്‍‌ കരുതുന്നു .


ദൈവത്തിന്റെ കണങ്ങള്‍

ദൈവത്തിന്റെ കണങ്ങള്‍ എന്നറിയപ്പെടുന്ന ഹിഗ്സ് ബോസോണ്‍ അങ്ങനെ വിശേഷിപ്പിക്കപ്പെടാന്‍‍ കാരണം ഇന്നോളം ഈ കണങ്ങളെ കാണാന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞിട്ടില്ല എന്നതാണ്. എന്നാല്‍ ഇങ്ങനെയൊരു കണം ഉണ്ടെന്ന കാര്യം അവര്‍ക്ക് സംശയമില്ല . അതിനാല്‍ ആണ് ഹിഗ്സ് ബോസോണ്‍ ദൈവകണം എന്നറിയപ്പെടുന്നത്.പ്രപഞ്ചത്തിലെ ഏതു വസ്തുവിനും പിണ്ഡം എന്ന ഗുണം നലകുന്നത് ഹിഗ്സ് ബോസോണുകളാണ് എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

                          ഭൂമിയില്‍ ജീവന്റെ ഉത്ഭവത്തിനും അവയുടെ പരിണാമത്തിനും കാരണം സൂക്ഷമജീവികളാണെന്ന് കരുതേണ്ടിയിരിക്കുന്നു. അവയുടെ വിത്തുപാകിയതാകട്ടെ വാല്‍നക്ഷത്രങ്ങളും. ഇവയെ പൂര്‍ണമായും ഒഴിവാക്കാന്‍ നമുക്കിന്നും കഴിഞ്ഞിട്ടില്ല . ഇവയുടെ ആക്രമണത്തെ നമുക്ക് നിയന്ത്രക്കാന്‍ മാത്രമേ കഴിയുകയുള്ളു . സൂക്ഷ്മ ജീവികളാണ് ഏറ്റവും ശക്തര്‍ . ജീവികളില്‍ ജനിതക മാറ്റം വരുത്തി പരിണാമത്തിനു ഇവ കാരണമാകുന്നു . ഇന്ത്യയിലെയും മറ്റുരാജ്യങ്ങളിലെയും ബഹിരാകാശ പര്യവേക്ഷണദൗത്യങ്ങളും ബലൂണ്‍ പരീക്ഷണങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിന്റെ മുകള്‍പാളിയില്‍ സൂക്ഷമജീവികളുടെ സാനിദ്ധ്യം കണ്ടെത്തിയിട്ടുണ്ട് .

                                   പ്രപഞ്ചത്തിലെ നാല് അടിസ്ഥാന ബലങ്ങളില്‍ ഏതെങ്കിലുമൊന്നിന്റെ ശക്തി അല്പം വ്യത്യസ്തമായിരുന്നുവെങ്കില്‍ ഗാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും ജീവനും ഉണ്ടായിരുന്നില്ല. അതുപോലെതന്നെ പ്രപഞ്ചം വികസിക്കുന്നതിന്റെ തോത് അല്പം കൂടിയിരുന്നെങ്കില്‍ ദ്രവ്യം പെട്ടെന്ന് പ്രപഞ്ചമാകെ പടര്‍ന്ന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉണ്ടാകാതെ ചിതറിപ്പോകുമായിരുന്നു . വികാസത്തിന്റെ വേഗം കുറവായിരുന്നെങ്കില്‍ പ്രപഞ്ചം ഇതിനകം  തന്നെ സങ്കോചിച്ച് അവസാനിക്കുമായിരുന്നു . ജീവന്റെ ഉത്ഭവത്തിന്  ചില യാദൃശ്ചിക സംഭവങ്ങള്‍ ഉണ്ടാകണം എന്ന ഉദ്ദേശ്യത്തോടെയാണ് പ്രപഞ്ചം രൂപകല്പന ചെയ്തിരിക്കുന്നത് എന്നൊരു വാദമുണ്ട്. ഇതിനുള്ള ഉത്തരം വരുംകാല ശാസ്ത്രജ്ഞമുന്നേറ്റങ്ങള്‍ തരുമായിരിക്കാം .
ആന്ദോലനം

മഹാസ്ഫോടനസിദ്ധാന്തത്തിന്റെ പരിണിതഫലമാണ് ഒരിക്കല്‍ പ്രപഞ്ചം സങ്കോചിച്ചൊടുങ്ങും എന്നത് . ഇന്നും കാണുന്ന പ്രപഞ്ചം പഴയ തീഗോളമായ് മാറും. മഹാസങ്കോചം എന്ന പ്രപഞ്ചത്തിന്റെ അന്ത്യാവസ്ഥ സമ്പൂര്‍ണമായ ഒന്നാണോ എന്ന് അനുമാനിക്കാറായിട്ടില്ല. വീണ്ടും മഹാസ്ഫോനമുണ്ടായി പുതിയൊരുപ്രപഞ്ചത്തിന്റെ തുടക്കമാകും . സ്ഫോടനം , വികാസം , സങ്കോചം വീണ്ടും സ്ഫോടനം എന്ന ചക്രം തുടര്‍ന്നുകൊണ്ടെയിരിക്കും. ആന്ദോലനം ചെയ്യുന്ന സ്വഭാവമാണത്ര പ്രപഞ്ചത്തിനുള്ളത് !പ്രപഞ്ചത്തിനന്ത്യമില്ല എന്നാണ് ഈ രീതിയില്‍ ചിന്തിക്കുമ്പോള്‍ കരുതേണ്ടത് .

പ്രപഞ്ചത്തിന്റെ ഭാവി


ഇരുണ്ട ഊര്‍ജത്താല്‍ നയിക്കപ്പെടുന്ന ഈ പ്രപഞ്ചം വികസിച്ച് വികസിച്ച് മാഞ്ഞുപോകാനാണ് വിധിക്കപ്പെട്ടിരിക്കുന്നത്  എന്ന് ചില ശാസ്ത്രജ്ഞര്‍  കരുതുന്നു. എന്നാല്‍ ഇതിനോട് യോജിക്കാത്തവരുമുണ്ട് . പ്രപഞ്ചം വികസിച്ച് വികസിച്ച് ഒരു പ്രത്യേകഘട്ടത്തിലെത്തുമ്പോള്‍  ഇരുണ്ട ഊരജത്തിനുണ്ടാകാനിടയുള്ള ചില മാറ്റംമറിച്ചിലുകളുടെ ഫലമായി മറ്റൊരു മഹാവിസ്ഫോടനത്തിനു സാധ്യത വളരെ കുറവാണെങ്കിലും പൂര്‍ണമായി തള്ളിക്കളയാനാവില്ലെന്ന് ശാസ്ത്രലോകം പൊതുവേ വിശ്യസിക്കുന്നു.

                            ചുരുക്കത്തില്‍ നാളെയെന്തുസംഭവിക്കും എന്ന് പൂര്‍ണമായി  മനസ്സിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
                                പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല ആശയങ്ങളും നിലനില്‍ക്കുന്നു. ഒന്നു മനസ്സിലാക്കേണ്ടത് പ്രപഞ്ചോത്പത്തിയെക്കുറിച്ച് ഏതുരീതിയില്‍ കരുതിയാലും ആ രീതിക്കുള്ള സാധ്യത ഈ പ്രപഞ്ചത്തിലുണ്ട് എന്നതാണ് . കാരണം പ്രപഞ്ചത്തിന് ഉത്ഭവിക്കാനും പരിണമിക്കാനും ഉള്ള സാധ്യതകള്‍ഉണ്ടെന്നതാണ്. ചിന്തിച്ച് പരികല്പനകള്‍ പുറപ്പെടുവിച്ച് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തുന്നത്  പ്രപഞ്ചത്തിന്റ ഭാഗമായ മനുഷ്യന്‍ തന്നെയാണ്.ആ അവസ്ഥകള്‍ പ്രപഞ്ചത്തില്‍ തന്നെ ഉള്ളവയാണ് . പ്രപഞ്ചത്തിലില്ലാത്ത അവസ്ഥകളേക്കുറിച്ച് ചിന്തിക്കാന്‍ മനുഷ്യനാവില്ലഎന്നു കരുതേണ്ടിയിരിക്കുന്നു. എല്ലാ സാധ്യകളും പ്രവര്‍ത്തികമാണ് . പ്രപഞ്ചത്തെക്കുറിച്ച് പൂര്‍ണമായും ഗ്രഹിക്കാത്തിടത്തോളം കാലം മനുഷ്യര്‍ പ്രപഞ്ചത്തിനുമേല്‍ വരിച്ചു എന്നു കരുതാനാവില്ല .
                                    പ്രപഞ്ചം എന്തിനു തുടങ്ങി എന്നതാണ് ഇനിയും മനസിലാകാത്ത കാര്യം . എന്തിന് ഇത്തരം വ്യൂഹങ്ങളും സങ്കീരണ തന്മാത്രകളും ഉണ്ടായി ? എന്തിന് സങ്കീര്‍ണ തന്മാത്രകളൊത്തുചേര്‍ന്ന് ജീവകാലങ്ങളുണ്ടായി ? ഇക്കാര്യങ്ങള്‍ക്കൊന്നും തത്കാലം ഉത്തരമില്ല .
അപ്പോള്‍ പ്രായമെത്രയെന്ന് കൃത്യമായി കണക്കു കൂട്ടിയെടുക്കാന്‍ പറ്റാത്തൊരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നത്. അകലമെത്രയെന്ന് കൃത്യമായറിയാത്തനക്ഷത്രങ്ങളാണ്ചുറ്റുമുള്ളത്. തിരിച്ചറിയാനാവാത്ത ദ്രവ്യം കൊണ്ടാണത് നിറയ്ക്കപ്പെട്ടിരുന്നത്. പൂര്‍ണമായി മനസ്സിലാക്കാനാവാത്ത ഭൗതികനിയമങ്ങളാണവയെ നിയന്ത്രിക്കുന്നത്. അനന്തവും അജ്ഞാതവും അവര്‍ണനീയവുമായ ഈ നിഗൂഢതകള്‍ തന്നെയാണ് ഈശ്വരന്‍എന്ന ആശയത്തിന് ആധാരവും.
‌‌

No comments:

Post a Comment